ഛത്തീസ്ഗഡിൽ 31 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു പോലീസുകാർക്കു വീരമൃത്യു
Monday, February 10, 2025 1:27 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു പോലീസുകാർ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ബിജാപുർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്ക് മേഖലയിലെ വനത്തിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. 650ലേറെ സുരക്ഷാസൈനികർ നാഷണൽ പാർക്ക് വളഞ്ഞ് മാവോയിസ്റ്റുകളെ നേരിടുകയാണുണ്ടായതെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ പറഞ്ഞു.
സംസ്ഥാന പോലീസിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്), ബസ്തർ ഫൈറ്റേഴ്സ് എന്നിവരാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. യൂണിഫോം അണിഞ്ഞ നിലയിൽ 31 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു. എകെ 47, ഇൻസാസ്, എസ്എൽആർ, .303 റൈഫിളുകൾ, ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ (ബിജിഎൽ) എന്നിവയും സ്ഫോടകവസ്തുക്കളും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനാംഗങ്ങളെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ 11 പേർ വനിതകളാണ്. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച ഏറ്റുമുട്ടൽ വൈകുന്നേരം നാലു വരെ നീണ്ടു.
ഡിആർജി ഹെഡ് കോൺസ്റ്റബിൾ നരേഷ് ധ്രുവ്, എസ്ടിഎഫ് കോൺസ്റ്റബിൾ വസിത് രാവ്തെ എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സുരക്ഷാസേനാംഗങ്ങൾക്കു പരിക്കേറ്റു. ഇവരെ ഹെലികോപ്റ്ററിൽ റായ്പുരിലെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്തു.
ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 81 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബസ്തർ ഡിവിഷനിൽ മാത്രം 65 പേർ കൊല്ലപ്പെട്ടു. 2024ൽ സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.