മെട്രോ സ്റ്റേഷൻ മുതൽ ലോക്സഭ വരെ ബിജെപിയുടെ ഉറപ്പ്
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: 1998നു ശേഷം ആദ്യമായി അധികാരത്തിലേറിയതിനു പിന്നിൽ എഎപിയുടെ ഭരണവിരുദ്ധ വികാരത്തോടൊപ്പം മാധ്യമങ്ങളെ കൃത്യമായി വിനിയോഗിച്ച ബിജെപിയുടെ പ്രചാരണതന്ത്രവുമുണ്ട്.
തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഒന്നര മാസം മുന്‍പുതന്നെ മെട്രോ സ്റ്റേഷനുകളിലും നഗരമധ്യങ്ങളിലും ബിജെപിയുടെ കൂറ്റൻ പരസ്യബോർഡുകൾ നിറഞ്ഞിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കാളും എഎപിയുടെ ഭരണത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പരസ്യവാചകങ്ങളധികവും.
![](/Newsimages/delhi_election_20254feb09.jpg)
"ക്യാ യേ ഹേ മേരീ ദില്ലീ’ (എന്റെ ഡൽഹിക്ക് എന്തു പറ്റി?) എന്ന പരസ്യങ്ങളുമായി ഡൽഹിയിലെ വായുമലിനീകരണവും യമുനയുടെ വിഷപ്പതയുമൊക്കെ ബിജെപി പ്രചാരണ ആയുധമാക്കി. എഎപി പ്രഖ്യാപിക്കുന്നത് കള്ളങ്ങളെന്നും ബിജെപി നൽകുന്നതു സത്യങ്ങളെന്നും ഏഴുതിയ പോസ്റ്ററുകൾ മെട്രോ സ്റ്റേഷനുകളിൽ നിറഞ്ഞു. എതിർ പാർട്ടികളായ കോണ്‍ഗ്രസിന്റെയും എഎപിയുടെയും പരസ്യങ്ങൾ കേവലം പോസ്റ്ററുകളിൽ ഒതുങ്ങിയപ്പോൾ ബിജെപി പ്രചാരണത്തിനു നവമാധ്യമങ്ങളും ബുദ്ധിയോടെ ഉപയോഗിച്ചു.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച പ്രതിമാസ വേതനം യുട്യൂബിലും സ്പോട്ടിഫൈയിലും വരെ പരസ്യങ്ങളായി ജനങ്ങൾക്ക് മുന്നിലെത്തി.
പത്രങ്ങളിൽ പരസ്യം വരുന്നതിനു പുറമെ ഡൽഹിയിലെ എല്ലാ ജനങ്ങളിലും തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെത്തിക്കാൻ ബിജെപി പ്രത്യേകം ശ്രദ്ധിച്ചു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പിനു തൊട്ടു തലേദിവസം പരസ്യപ്രചാരണം നിർത്തിയപ്പോൾ അന്നേ ദിവസം ലോക്സഭയിൽ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എഎപിയെ കടന്നാക്രമിക്കാൻ കിട്ടിയ സന്ദർഭവും വേദിയും കൃത്യമായി വിനിയോഗിച്ചു.
നിശബ്ദ പ്രചാരണ ദിവസം ദിനപത്രങ്ങൾക്കൊപ്പം ബിജെപി പ്രവർത്തകർ നൽകിയ രണ്ട് നോട്ടീസുകൾകൂടിയുണ്ടായിരുന്നു. ഒന്ന് എഎപിക്കെതിരേ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും നടത്തിയ പരാമർശങ്ങളുടെ എഴുത്തുരൂപം, മറ്റൊന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഇങ്ങനെ തെരഞ്ഞെടുപ്പിനു തൊട്ടുതലേന്നു വരെ ബിജെപി തങ്ങളുടെ പ്രചാരണം കൃത്യമായി വോട്ടർമാരിലേക്കെത്തിച്ചു. പത്ര, ദൃശ്യ, ശ്രവണ, പരസ്യ മാധ്യമങ്ങൾ കൂടാതെ ലോക്സഭ എന്ന പരമോന്നത മാധ്യമം കൂടി കൃത്യമായി ഉപയോഗിച്ചു ബിജെപി നേടിയെടുത്ത വിജയമാണിത്. പ്രചാരണത്തിൽ കോണ്‍ഗ്രസ് എത്രത്തോളം പിന്നിൽ പോയെന്ന വസ്തുതയും കോണ്‍ഗ്രസിന് ലഭിച്ച സീറ്റുനിലയും കൂട്ടിവായിച്ചാൽ തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന്റെ വില എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്ന ഫലം കൂടിയാണ് ഡൽഹി തെരഞ്ഞെടുപ്പിലേത്.