ഡൽഹി മുഖ്യമന്ത്രിക്കായി ചർച്ച മുറുകുന്നു
സ്വന്തം ലേഖകൻ
Monday, February 10, 2025 1:27 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് ബിജെപിയിൽ ചൂടുപിടിച്ച ചർച്ച. എംപിമാരടക്കമുള്ളവരുടെ പേരുകൾ അന്തരീക്ഷത്തിലുണ്ടെങ്കിലും എംഎൽഎമാരിൽ നിന്നൊരാളെ നിർദേശിക്കുമെന്നാണ് സൂചന. പുറത്തുനിന്നൊരാൾ വരികയാണെങ്കിൽ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരും.
കേജരിവാളിന്റെ കോട്ട തകർത്ത് വൻവിജയം നേടിയ പർവേശ് വർമയുടെയും തുടർച്ചയായി മൂന്നു തവണ വിജയിച്ച ഡൽഹിയിലെ മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെയും പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻമുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകനാണ് പർവേഷ്. വെസ്റ്റ് ഡൽഹി ലോക്സഭാ സീറ്റിൽ നിന്ന് രണ്ടുതവണ ജയിച്ചിട്ടുണ്ട്. ജാട്ട് വിഭാഗക്കാരനായതിനാൽ ഡൽഹിയിലെ ജാട്ട് മുഖമായും പരിഗണിക്കാം. തിടുക്കത്തിലൊരു തീരുമാനം ഉണ്ടായെന്നു വരില്ല.
ഇന്നലെ രാവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ചിദേവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമായും ജെ.പി. നഡ്ഡ ആദ്യവട്ട ചർച്ച നടത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും പ്രവചനാതീതമായിരുന്നു ബിജെപി മുഖ്യമന്ത്രിമാരുടെ വരവ്. കേന്ദ്രനേതൃത്വത്തിന് വഴങ്ങുന്നയാളെയാകും ഡൽഹി ഭരണം ഏൽപ്പിക്കുക.
വനിതാ മുഖ്യമന്ത്രിക്കും ആവശ്യമുയരുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ്, മുൻകേന്ദ്രമന്ത്രി സ്മൃതി ഇറാനി, രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കു പോകുന്നതിനാൽ ഇന്നുതന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. മോദി മടങ്ങിയെത്തിയശേഷം ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തിയാകും സത്യപ്രതിജ്ഞ.