ഓടുന്ന ട്രെയിനിൽനിന്ന് അക്രമി തള്ളിയിട്ട ഗർഭിണിക്ക് ധനസഹായം കൈമാറി
Sunday, February 9, 2025 4:19 AM IST
ചെന്നൈ: ഓടുന്ന ട്രെയിനിൽ പീഡനശ്രമം ചെറുത്ത ഗർഭിണിയെ തള്ളിയിട്ടുകൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പ്രതി അറസ്റ്റിലായതിനു പിന്നാലെ യുവതിക്ക് സതേൺ റെയിൽവേ 50,000 രൂപ ധനസഹായം കൈമാറി. വ്യാഴാഴ്ച കോയന്പത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം.
ട്രെയിൻ ജോലാർപേട്ടയിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ലേഡീസ് കംപാർട്ട്മെന്റിൽ കയറിപ്പറ്റിയ മദ്യപൻ കോച്ചിൽ ഒറ്റയ്ക്കിരുന്ന ഗർഭിണിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെ യുവതിയുടെ മുടിയിൽ പിടിച്ചു ചുഴറ്റി പുറത്തക്കു തള്ളിയിട്ടു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.