തിരിച്ചയയ്ക്കുന്ന കുടിയേറ്റക്കാരുടെ പൂർണവിവരം കൈമാറണമെന്ന് ഇന്ത്യ
സ്വന്തം ലേഖകൻ
Monday, February 10, 2025 1:17 AM IST
ന്യൂഡൽഹി: അമേരിക്ക തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പൂർണവിവരം ഇന്ത്യക്കു കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം. 298 പേരുടെ വിവരങ്ങൾ മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരുടെ വിവരങ്ങളാണ് ഇന്ത്യ തേടിയത്. എന്നാൽ, ഒൗദ്യോഗിക പ്രതികരണം വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. തിരിച്ചയയ്ക്കുന്നവരുടെ പശ്ചാത്തലമടക്കം പരിശോധിക്കേണ്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിവരങ്ങൾ ആവശ്യപ്പെടുന്നത്.
കൈയിലും കാലിലും ചങ്ങലയിട്ട് കുടിയേറ്റക്കാരെ തിരിച്ചയച്ചതിൽ വലിയ പ്രതിഷേധമാണുണ്ടായത്. 13, 14 തീയതികളിൽ അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തേക്കുമെന്നാണ് കരുതുന്നത്.