ഹേമ കമ്മിറ്റി: മൊഴികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കാനാകില്ലെന്നു സുപ്രീംകോടതി
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുന്പാകെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം റദ്ദാക്കാനാകില്ലെന്നു സുപ്രീംകോടതി. ഹേമ കമ്മിറ്റിക്ക് ലഭിക്കുന്ന മൊഴികളിൽ പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) അന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധിക്കെതിരേയുള്ള ഹർജികൾ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
കുറ്റകൃത്യം സംബന്ധിച്ച് വിവരംലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർചെയ്തു അന്വേഷണം നടത്താൻ പോലീസിനു ബാധ്യതയുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. കമ്മിറ്റിക്കു മുന്പാകെ ലഭിച്ച മൊഴികളിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റിക്കു മുന്പാകെ മൊഴി നൽകിയ രണ്ടു നടിമാരുടെയും നിർമാതാവ് സജിമോൻ പാറയിലിന്റെയും ഹർജികൾ ജസ്റ്റീസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
കുറ്റകൃത്യം നടന്നുവെന്ന് വിവരം ലഭിച്ചാൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താൻ പോലീസിനു ബാധ്യതയുണ്ടെന്നും അന്വേഷണത്തിൽ നിന്ന് പോലീസിനെ തടയാനുള്ള നിർദേശം നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതി അന്വേഷണത്തിൽ നിരീക്ഷണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മേൽക്കോടതി കമ്മിറ്റിക്കു മുന്പാകെ മൊഴി നൽകിയവർക്കും എസ്ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു.
എസ്ഐടി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ വിവരങ്ങളൊന്നുമില്ലാതെയാണോ എഫ്ഐആറുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.