കുംഭമേളയിൽ 300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക്;
Tuesday, February 11, 2025 4:22 AM IST
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിനെയും സമീപമേഖലകളെയും നിശ്ചലമാക്കി വന്‍ ഗതാഗതക്കുരുക്ക്. കുംഭമേള അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ പ്രയാഗ്രാജിൽ പുണ്യസ്നാനത്തിനായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിനു തീർഥാടകരാണ് എത്തുന്നത്.
അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തെത്തുടർന്ന് പ്രയാഗ്രാജിനുചുറ്റം 300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് തുടരുകയാണ്. 48 മണിക്കൂര്‍വരെ വാഹനങ്ങളില്‍ ഇരുന്നാണ് പലരും സ്നാനഘട്ടത്തിനു സമീപത്ത് എത്തുന്നത്.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രയാഗ് രാജിലെ റെയില്‍വേ സ്റ്റേഷന് ഏതാനും ദിവസങ്ങളിലേക്ക് അടച്ചിട്ടു. കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും തുടരുന്ന സാഹചര്യമാണ്. വാരാണസി, ലക്നോ, കാണ്‍പുര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രയാഗ് രാജിലേക്കുള്ള റോഡുകളില്‍ 25 കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
വസന്തപഞ്ചമി ദിനമായ കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം തിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കില്‍ നേര്‍വിപരീതമായാണു കാര്യങ്ങള്‍ നീങ്ങിയത്. പതിനായിരക്കണക്കിനു പേരാണ് പ്രയാഗ് രാജിലേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.
ഗതാഗതനിയന്ത്രണം അസാധ്യമായതോടെ സമീപ സംസ്ഥാനമായ മധ്യപ്രദേശിലെ വിവിധ ജില്ലകളില്വരെ പ്രയാഗ് രാജിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ആഴ്ചയവസാനം മൂലമാണ് കനത്ത തിരക്കുണ്ടായത്. വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാകുമെന്ന പ്രത്യാശയും പോലീസ് പ്രകടിപ്പിക്കുന്നു. അമ്പത് കിലോമീറ്റര്‍ യാത്രചെയ്യാന്‍ 10 മുതല്‍ 12 വരെ മണിക്കൂര്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയാണ് കഴിഞ്ഞദിവസങ്ങളില്‍.
ഇതുവരെ 44 കോടി തീര്‍ഥാടകര്‍ പ്രയാഗ്രാജില് സ്നാനം ചെയ്തിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്.