ഡൽഹിയിൽ താമരത്തരംഗം
സനു സിറിയക്
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഇന്ദ്രപ്രസ്ഥത്തിന്റെ അധികാര താക്കോൽ ഇനി ബിജെപിയുടെ കൈയിൽ. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണവും നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തി.
അഴിമതി തുടച്ചുനീക്കാൻ ചൂലുമായി ഇറങ്ങിയ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 28 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയാതെ കോണ്‍ഗ്രസിന് ഇത്തവണയും നിരാശയായി ഫലം. പാർട്ടിയുടെ മുഖമായ കേജരിവാൾ സ്വന്തം മണ്ഡലമായ ന്യൂഡൽഹിയിൽ ബിജെപി സ്ഥാനാർഥി പർവേഷ് സിംഗിനോട് തോറ്റത് 4089 വോട്ടുകൾക്കാണ്. പാർട്ടിയിലെ രണ്ടാമൻ മനീഷ് സിസോദിയയുടെ പരാജയം 675 വോട്ടുകൾക്കായിരുന്നു.
മുഖ്യമന്ത്രി അതിഷി മർലേന കാൽക്കാജി മണ്ഡലത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്നതൊഴിച്ചാൽ പാർട്ടിക്ക് ആശ്വസിക്കാൻ മറ്റൊന്നുമില്ല. കേജരിവാളടക്കമുള്ള പ്രമുഖ നേതാക്കളുടെ തോൽവി പാർട്ടിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുമെന്നതിൽ തർക്കമില്ല.

വോട്ടെണ്ണലിന്റെ തുടക്കം മുതൽതന്നെ ബിജെപിയുടെ മുന്നേറ്റമായിരുന്നു. കേജരിവാൾ, സിസോദിയ, സൗരവ് ഭരദ്വാജ്, സത്യേന്ദ്ര ജയിൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് കാലിടറിത്തുടങ്ങിയതോടെ ഡൽഹിയുടെ ചിത്രം തെളിഞ്ഞു. ഉച്ചയ്ക്ക് 11.45 വരെയും ആത്മവിശ്വാസത്തിലായിരുന്ന എഎപി പ്രവർത്തകർ ആഘോഷത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പാർട്ടി ആസ്ഥാനത്ത് സജ്ജമാക്കിയിരുന്നു. എന്നാൽ 12ഓടെ പാർട്ടിയുടെ പതനം ഉറപ്പായി.
ആഘോഷമാക്കി ബിജെപി പ്രവർത്തകർ
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ആഹ്ലാദാരവം മുഴക്കി ബിജെപി പ്രവർത്തകർ. പാർട്ടിക്ക് ലീഡ് ഉയർന്നതോടെ പന്ത് മാർഗിലുള്ള സംസ്ഥാന ഓഫീസിന് മുന്നിലേക്ക് പ്രവർത്തകരുടെ ഒഴുക്കായി.
പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും കൊടികൾ പാറിച്ചും വാദ്യമേളങ്ങളുടെ അകന്പടിയോടെ 27 വർഷങ്ങൾക്കു ശേഷമുള്ള ഡൽഹിയിലെ വിജയാഘോഷങ്ങൾക്ക് ബിജെപി പാർട്ടി ആസ്ഥാനത്ത് തുടക്കം കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടാതിരുന്നത് ബിജെപിക്കു തിരിച്ചടിയാകുമെന്ന് കരുതിയിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ തേരോട്ടങ്ങൾക്കൊപ്പം ആ ആക്ഷേപം തറപറ്റി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം വ്യക്തമാക്കിയിട്ടുണ്ട്. പരാജയം സമ്മതിക്കുന്നതായി കേജരിവാൾ പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025
ആകെ സീറ്റ് 70
ബിജെപി 48 എഎപി 22
വോട്ട് വിഹിതം
ബിജെപി - 45.56%
ആം ആദ്മി പാര്‍ട്ടി - 43.57%
കോണ്‍ഗ്രസ് -6.34%
2020 സീറ്റ് നില
ആം ആദ്മി പാർട്ടി - 62
ബിജെപി -08
വോട്ട് വിഹിതം
ബിജെപി - 38.51%
ആം ആദ്മി പാര്‍ട്ടി - 53.57
കോണ്‍ഗ്രസ് - 4.30%