സർഗാത്മകത സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി
സ്വന്തം ലേഖകൻ
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: സർഗാത്മകത സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. കോണ്ഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡിക്കെതിരേ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു കവിതയുടെ പേരിലാണ് ഗുജറാത്ത് പോലീസ് പ്രതാപ്ഗഡിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ‘ഏ ഖൂൻ കെ പ്യാസെ ബാത് സുനോ’ എന്നു തുടങ്ങുന്ന കവിത വിദ്വേഷത്തിന്റെയും ഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ് സംഹിതയുടെ 196, 197, 299, 302, 57 എന്നീ വകുപ്പുകൾ പ്രകാരമാണ് ഗുജറാത്ത് പോലീസ് കേസ് ഫയൽ ചെയ്തത്. പോലീസ് നടപടിക്കെതിരേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. തുടർന്നാണ് എംപി സുപ്രീംകോടതിയെ സമീപിച്ചത്.