ജനവിധി മാനിക്കുന്നു: ഖാർഗെ, രാഹുൽ
സ്വന്തം ലേഖകൻ
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: അഴിമതി, പണപ്പെരുപ്പം, മലിനീകരണം തുടങ്ങിയവയ്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ജനവിധി തങ്ങൾ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനു നൽകിയ പിന്തുണയ്ക്ക് എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും ഡൽഹിയിലെ വോട്ടർമാർക്കും നന്ദി അറിയിക്കുന്നതായും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ പൊതുതാത്പര്യം പരിഗണിച്ചാണ് സർക്കാരിനെതിരായ ഒരു അന്തരീക്ഷം കോണ്‍ഗ്രസ് സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എന്നാൽ, ഞങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല ജനവിധി. ഇത് മാനിക്കുന്നെന്നും വരുന്ന ദിവസങ്ങളിൽ ഡൽഹി മലിനീകരണം, യമുന വൃത്തിയാക്കൽ, വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയ പ്രശ്നങ്ങൾ സംബന്ധിച്ച് ശബ്ദമുയർത്തുന്നത് തുടരുമെന്നും ഖാർഗെ പറഞ്ഞു.