ഇന്ദ്രപ്രസ്ഥത്തിന്റെ ചെങ്കോൽ ആർക്ക്?
സീനോ സാജു
Sunday, February 9, 2025 4:19 AM IST
ന്യൂഡൽഹി: ആരോപണ- പ്രത്യാരോപണങ്ങൾകൊണ്ട് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റുമുട്ടിയപ്പോൾ ബിജെപിക്ക് മുഖ്യമന്ത്രി മുഖമില്ലെന്നായിരുന്നു അരവിന്ദ് കേജരിവാൾ പരിഹസിച്ചത്.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മുഖമായി തന്നെത്തന്നെ ഉയർത്തിക്കാണിച്ചുകൊണ്ട് ജനവിധിയിലൂടെ അഴിമതി കഴുകിക്കളഞ്ഞു മുഖ്യമന്ത്രിക്കസേരയിൽ തിരികെയെത്തുമെന്നായിരുന്നു കേജരിവാളിന്റെ അവകാശവാദം. എന്നാൽ, മുഖ്യമന്ത്രി മുഖമുള്ള പാർട്ടിയെയല്ല, അഴിമതിക്കറ പുരളാത്ത മുഖ്യമന്ത്രിയെയാണ് തങ്ങൾക്കാവശ്യം എന്ന് വോട്ടു കുത്തി പ്രസ്താവന നൽകിയിരിക്കുകയാണ് ന്യൂഡൽഹിയിലെ ജനങ്ങൾ.
തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇതിനോടകം ഉത്തരം നൽകിയെങ്കിലും 27 വർഷങ്ങൾക്കുശേഷം രാഷ്ട്രത്തിന്റെ അധികാരകേന്ദ്രത്തിൽ തിരിച്ചെത്തുന്ന ബിജെപിക്ക് ചില ഉത്തരങ്ങൾ ജനങ്ങൾക്കും നൽകാനുണ്ട്. മുഖ്യമന്ത്രിമുഖമില്ലാതെ മത്സരിച്ച ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അതിൽ പ്രധാനം. മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങൾകൊണ്ട് ഞെട്ടിച്ച പാർട്ടികൂടിയാണ് ബിജെപി.
പർവേഷ് വർമ
27 വർഷങ്ങൾക്കു ശേഷം അധികാരത്തിൽ വരുന്ന ബിജെപിയിൽനിന്ന് പർവേഷ് വർമ ഡൽഹി മുഖ്യമന്ത്രിയായാൽ അത് കാലത്തിന്റെ കാവ്യനീതിയാകും. പർവേഷിന്റെ പിതാവ് സാഹെബ് സിംഗ് വർമ 1998ൽ ഡൽഹിയിലെ ബിജെപി മുഖ്യമന്ത്രിയാ യിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ കേജരിവാളിനെത്തന്നെ മലർത്തിയടിച്ച പർവേഷിന്റെ നാമമാണ് മുഖ്യമന്ത്രി കസേരയിലേക്ക് ദേശീയ നേതാക്കളടക്കം മുന്നോട്ടുവയ്ക്കുന്നത്. ഡൽഹി നിയമസഭയിലേക്ക് ഇതിനു മുന്പ് ഒരു തവണയും ലോക്സഭയിലേക്ക് രണ്ടു തവണയും തെരഞ്ഞെടുക്കപ്പെട്ട 47കാരനായ പർവേഷ് രാഷ്ട്രീയത്തിൽ തുടക്കക്കാരനുമല്ല.
തീവ്രവലതുപക്ഷവാദിയായ പർവേഷ് 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേജരിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചതിനു തെരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള പർവേഷ് അങ്ങനെയും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
കൈലാഷ് ഗെലോട്ട്
അഴിമതിയിൽ മുങ്ങിക്കുളിച്ച എഎപിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് മന്ത്രിസഭാംഗമായിരുന്ന കൈലാഷ് ഗെലോട്ട് കഴിഞ്ഞ വർഷം പാർട്ടി വിട്ടത്. ഡൽഹിയിലെ പ്രമുഖ ജാട്ട് നേതാവായ കൈലാഷിന്റെ വരവ് ബിജെപിക്ക് ഗുണമായതോടെ മുഖ്യമന്ത്രിക്കസേരയിലേക്ക് കൈലാഷിന്റെ പേരും നിർദേശിക്കപ്പെടുന്നു. കേജരിവാൾ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നതും തുടർച്ചയായി മൂന്നാം തവണ എംഎൽഎ ആകുന്നതും കൈലാഷിനു ഗുണം ചെയ്യും.
വിജേന്ദർ ഗുപ്ത
കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്തയ്ക്കും മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിക്കാൻ സാധിക്കും. ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കുന്ന കാലംതൊട്ട് ബിജെപിയിൽ പ്രവർത്തിച്ചു വരുന്ന വിജേന്ദർ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു ശക്തി തെളിയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്.
മൂന്ന് തവണ ഡൽഹി നിയമസഭയിലേക്ക് വിജയിച്ച വിജേന്ദർ, എഎപിയുടെ ചൂലൊടിച്ചതിൽ ബഹുമതി ചോദിച്ചെത്തിയാലും അദ്ഭുതപ്പെടാനില്ല.
അപ്രതീക്ഷിതവും പ്രതീക്ഷിക്കാം
പ്രമുഖ സ്ഥാനങ്ങളിലേക്ക് അപ്രതീക്ഷിത നേതാക്കളെ തെരഞ്ഞെടുക്കുന്ന ചരിത്രമുണ്ട് ബിജെപിക്ക്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രമുഖരെ തഴഞ്ഞ് പുതുമുഖങ്ങൾക്ക് നിർണായക സ്ഥാനങ്ങൾ നൽകി വോട്ടുബാങ്കുകളെ കൂടെനിർത്തുന്ന ബിജെപിയുടെ ചരിത്രം ഡൽഹിയിലും ആവർത്തിച്ചാൽ അദ്ഭുതപ്പെടാനില്ല.
ഡൽഹി മുൻ കോണ്ഗ്രസ് അധ്യക്ഷനും ഷീല ദീക്ഷിത് സർക്കാരിൽ മന്ത്രിയുമായിരുന്ന അരവിന്ദർ സിംഗ് ലൗവ്ലിയാണ് മുഖ്യമന്ത്രിമുഖമാകാൻ സാധ്യതയുള്ള മറ്റൊരാൾ. 2024ൽ കോണ്ഗ്രസിൽനിന്ന് ബിജെപിയിലേക്കെത്തിക്കുന്നതിൽ അരവിന്ദർ ഡൽഹിയിലെ സിഖ് വോട്ടുകൾ ബിജെപിയിലേക്കെത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു.
ഇതിനൊപ്പം ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മുഖ്യമന്ത്രിപദത്തിന് അവകാശമുന്നയിക്കാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും സച്ദേവ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇതിനൊപ്പം ദേശീയ രാഷ്ട്രീയത്തിൽ ഒരിക്കൽ ഉയർന്നുകേട്ടിരുന്ന പ്രമുഖ പേരായ സ്മൃതി ഇറാനിയെയും ദേശീയ നേതൃത്വം പരിഗണിക്കുന്നതായി സൂചനയുണ്ട്. കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത് ആരെയാണെങ്കിലും ദേശീയ രാഷ്ട്രീയത്തിലേക്ക് പടി കയറ്റുന്ന മറ്റൊരു നേതാവിനെക്കൂടിയാണ് ബിജെപി വളർത്തുകയെന്നു വ്യക്തം.