മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: കേരളത്തിനു ലഭിക്കാനുള്ളത് 578 കോടി
സീനോ സാജു
Tuesday, February 11, 2025 4:22 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കേരളത്തിന് 578 കോടി രൂപ നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ. വേതനം മാത്രമായി 523.77 കോടി രൂപയും ഭരണപരമായ ചെലവിന് 55.13 കോടി രൂപയുമാണ് കേരളത്തിനു നൽകാനുള്ളത്.
ഈയിനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 13,718.65 കോടി രൂപയാണു നൽകാനുള്ളത്. വേതനത്തിന്റെ കാര്യത്തിൽ തമിഴ്നാടിനും ഉത്തർപ്രദേശിനും ബിഹാറിനും ശേഷം കേന്ദ്രത്തിന് ഏറ്റവും കൂടുതൽ കടമുള്ളത് കേരളത്തിനാണെന്നും ഗ്രാമീണ വികസന മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാകുന്നുണ്ട്.
വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു പണമയക്കുന്ന ഡിബിടി പ്രോട്ടോകോൾ സംവിധാനം ഉപയോഗിച്ച് കേന്ദ്രസർക്കാരാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് പണം നൽകുന്നത്. ഒരു സാന്പത്തികവർഷം അവസാനിക്കുന്പോഴുള്ള സാന്പത്തികബാധ്യതകൾ അടുത്ത സാന്പത്തികവർഷത്തിൽ നീക്കിവയ്ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
അതിനിടെ, കഴിഞ്ഞ നാലു വർഷംകൊണ്ടുമാത്രം 31,045 തൊഴിലാളികളുടെ തൊഴിൽ കാർഡുകൾ കേരളത്തിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രം സമർപ്പിച്ച കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു.
2023-24 വർഷം മാത്രം 21,418 തൊഴിലാളികളുടെ തൊഴിൽ കാർഡുകളാണ് കേന്ദ്രം നീക്കം ചെയ്തിരിക്കുന്നത്. വ്യാജവും തെറ്റായതുമായ വിവരങ്ങൾ, സ്വന്തം പഞ്ചായത്തിൽനിന്നു സ്ഥിരമായി താമസം മാറി തുടങ്ങിയ കാരണങ്ങളാലാണു തൊഴിൽ കാർഡുകൾ എടുത്തുകളഞ്ഞതെന്ന് കേന്ദ്രം പറയുന്നു. കഴിഞ്ഞ നാലു വർഷംകൊണ്ട് രാജ്യത്തുടനീളം ഒരു കോടിയിലധികം തൊഴിൽ കാർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. 2006ൽ നടപ്പിലാക്കിത്തുടങ്ങിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
എന്നാൽ കാർഡുകളിൽ ഇരട്ടിപ്പും തട്ടിപ്പും ഉണ്ടാകാതിരിക്കാനാണു തൊഴിൽ കാർഡുകൾ പലതും എടുത്തുകളഞ്ഞതെന്നും ആധാർ കാർഡ് അടക്കം തൊഴിൽ കാർഡുകളുമായി ബന്ധപ്പെടുത്തുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (എസ്ഒപി) മാനദണ്ഡങ്ങൾ പാലിച്ചാൽ തൊഴിൽ കാർഡുകൾ വീണ്ടെടുക്കാൻ കഴിയുമെന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം.