ഡൽഹി വിധിയെഴുതി; എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനം ഇന്നലെ വിധിയെഴുതി. 13,766 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും വൈകുന്നേരം അഞ്ച് മണിയായപ്പോൾ 57.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശനിയാഴ്ചയാണു ഫലപ്രഖ്യാപനം.
രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി നേതാവ് മനീഷ് സിസോദിയ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്വീനറുമായ അരവിന്ദ് കേജരിവാളും ഭാര്യ സുനിത കേജരിവാളും മാതാപിതാക്കളോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പുദിനത്തിലും ബിജെപി വോട്ടർമാർക്ക് വ്യാപകമായി പണം വിതരണം ചെയ്തതായും വോട്ടർമാരെ തടഞ്ഞതായും ആം ആദ്മി പാർട്ടി ആരോപിച്ചു. വോട്ട് ചെയ്യാൻ എത്തിയപ്പോഴാണു പലരുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായി അറിഞ്ഞത്. വോട്ടർ സ്ലിപ്പ് വിതരണം ചെയ്യാൻ സ്ഥാപിച്ച ബൂത്തുകളിൽ കാവിഷാൾ അണിഞ്ഞ ബിജെപി പ്രവർത്തകരെ കണ്ടു. ബൂത്തിലും പരിസരത്തും ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത പതാകകളും കാണാമായിരുന്നു. തങ്ങളുടെ പോളിംഗ് ഏജന്റുമാരെ ബൂത്തിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്ന് എഎപിയുടെ രാഘവ് ഛദ്ദ എംപി ആരോപിച്ചു.
ബിജെപി ഭൂരിപക്ഷം നേടുമെന്ന് പ്രവചനം
ഡൽഹിയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. അതേസമയം, രണ്ട് ഏജൻസികളിൽ എഎപിക്കു വിജയം പ്രവചിക്കുന്നു. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 പേരുടെ പിന്തുണയാണ്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. നിലവിൽ എഎപിക്ക് 62ഉം ബിജെപിക്ക് എട്ടും എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് ഒറ്റ എംഎൽഎ പോലുമില്ല.
എൻഡിഎ എഎപി കോൺഗ്രസ്
പീപ്പിൾസ് പൾസ് 51-60 10-19 0
പീപ്പിൾസ് ഇൻസൈറ്റ് 40-44 25-29 0-1
പി മാർക് 39-49 21-31 0-1
ജെവിസി 39-45 22-45 0-2
പോൾ ഡയറി 42-50 18-25 0-1
ചാണക്യ സ്ട്രാറ്റജീസ് 39-44 25-28 2-3
വീ പ്രിസൈഡ് 18-23 46-52 0-1
മൈൻഡ് ബ്രിങ്ക് മീഡിയ 21-25 44-49 0-1
മാട്രിസ് 35-40 32-37 0-1
ഡിവി റിസർച്ച് 36-44 26-34