കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയപ്രതികാരം: ജോസ് കെ. മാണി
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നടത്തുന്നത് രാഷ്്ട്രീയ പ്രതികാരവും തുറന്ന യുദ്ധവുമാണെന്ന് ജോസ് കെ. മാണി എംപി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്കുകൾ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ 40% വരെ ഉയർന്നിട്ടുണ്ട്. ജിഡിപി വളർച്ചയല്ല, യഥാർഥത്തിൽ തൊഴിലില്ലായ്മ വളർച്ചയാണ് നടക്കുന്നത്. 10 മുതൽ 17 വയസ് പ്രായമുള്ള കുറഞ്ഞത് 1.58 കോടി കുട്ടികളെങ്കിലും ലഹരിവസ്തുക്കളുടെ അടിമകളാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് ദേശീയ അടിയന്തരാവസ്ഥയ്ക്കു സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂർ കലാപം, വയനാട് ദുരന്തം, മനുഷ്യവന്യജീവി സംഘർഷം, റബർ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് നയപ്രഖ്യാനത്തിൽ ഒരു പരാമർശവുമുണ്ടായില്ല.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന് പുറത്താണ് കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെന്നും ജോസ് കെ. മാണി ആരോപിച്ചു.