ഡൽഹിയിൽ കള്ളവോട്ട് ആരോപണം; കൈയാങ്കളി
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: ബുർഖ ധരിച്ചെത്തുന്ന ചിലർ കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ചു ഡൽഹിയിൽ തെരഞ്ഞെടുപ്പിനിടെ കൈയാങ്കളി. ഡൽഹി സീലാംപുരിൽ തന്റെ പേരിൽ കള്ളവോട്ട് ചെയ്തു എന്നൊരു സ്ത്രീ ആരോപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ആം ആദ്മി പാർട്ടിക്ക് കള്ളവോട്ടു ചെയ്യാൻ ബുർഖ ധരിച്ച് ചിലർ എത്തുന്നതായി ബിജെപിയും ആരോപിച്ചു. എഎപി നേതാക്കൾ ഇതു ചോദ്യം ചെയ്തതോടെ പോളിംഗ് ബൂത്തിന് പുറത്തു കൈയാങ്കളിയായി.
എന്നാൽ, പ്രാഥമികാന്വേഷണത്തിൽ കള്ളവോട്ട് നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ഡൽഹി പോലീസ് അറിയിച്ചു.
തോൽവി ഉറപ്പായ കേജരിവാളും എഎപിയും കള്ളവോട്ടിലൂടെ ജയിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ആരോപിച്ചു. വോട്ടർമാർക്ക് പോളിംഗ് ബൂത്തിനടുത്തുവച്ചു ബിജെപി പണം വിതരണം ചെയ്യുകയാണെന്ന് എഎപിയും ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഡൽഹി പോലീസിന്റെയും മേൽനോട്ടത്തിലാണ് ഇതെല്ലം നടക്കുന്നതെന്നും എഎപി ആരോപിച്ചു.