പേരിലെ പോരിൽ വില്യം കോട്ടയും വീണു; ഇനി വിജയ് ദുർഗ്
Thursday, February 6, 2025 4:50 AM IST
കോൽക്കത്ത: പേരുമാറ്റി ചരിത്രം മറയ്ക്കാനുള്ള ശ്രമത്തിൽ കോൽക്കത്തയിലെ പ്രശസ്തമായ വില്യം കോട്ടയും വീണു. കരസേനയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്യം ഫോർട്ടിനെ സൈന്യം പുനർനാമകരണം ചെയ്തു. ‘വിജയ് ദുർഗ്’ എന്നാണ് വില്യം കോട്ടയുടെ പുതിയ പേര്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചില കെട്ടിടങ്ങൾക്കും പുതിയ പേരുകൾ നൽകിയതായി സൈന്യം അറിയിച്ചു. സെന്റ് ജോർജ് ഗേറ്റ് ഇനി ശിവാജി ഗേറ്റ് എന്നറിയപ്പെടും. കിച്ചണർ ഹൗസിനെ മനേക് ഷാ ഹൗസ് എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. കോട്ടയ്ക്കുള്ളിലെ റസ്സൽ ബ്ലോക്കിനെ ബാഗ ജതിൻ ബ്ലോക്ക് എന്ന് പുനർനാമകരണം ചെയ്തു.
ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. 1781ൽ നിർമിച്ച കോട്ടയ്ക്ക് വില്യം മൂന്നാമൻ രാജാവിന്റെ പേരാണ് നൽകിയിരുന്നത്. ഇന്നത്തെ കോട്ട സമുച്ചയം 170 ഏക്കറിലധികം വിസ്തൃതിയുള്ളതാണ്. കൊളോണിയൽ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും നിരവധി നിർമാണങ്ങളാണ് ഇതിനുള്ളിൽ സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്ക് ആറ് കവാടങ്ങളാണുള്ളത്.