എഐക്ക് ഇന്ത്യ സുപ്രധാന വ്യാപാരകേന്ദ്രം: സാം ആൾട്മാൻ
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: നിർമിതബുദ്ധിക്ക് (എഐ) ഇന്ത്യ വളരെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണെന്നു ഓപ്പണ്‍ എഐ സിഇഒയും ലോകപ്രശസ്ത ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയുടെ സ്രഷ്ടാവുമായ സാം ആൾട്മാൻ. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയിലാണ് ഓപ്പണ്‍ എഐയുടെ ഏറ്റവും വലിയ വ്യാപാരം നടക്കുന്നതെന്ന് ഇന്ത്യാ സന്ദർശനത്തിനെത്തിയ ആൾട്മാൻ വെളിപ്പെടുത്തി.
ചാറ്റ് ജിപിടിക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ മൂന്നിരട്ടി ഉപയോക്താക്കൾ വർധിച്ചിട്ടുണ്ടെന്നും "ഇന്ത്യ എഐ' വിപ്ലവത്തിന്റെ തലവന്മാരിലൊരാളാകണമെന്നും ആൾട്മാൻ പറഞ്ഞു. കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയം എഐയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംവദിക്കവെയാണ് ആൾട്മാന്റെ പ്രസ്താവനകൾ.
നിർമിതബുദ്ധി മേഖലയിൽ വിപ്ലവം ലക്ഷ്യം വയ്ക്കുന്ന"ഇന്ത്യ എഐ’ മികച്ച പദ്ധതിയാണെന്നും ഇന്ത്യ ചാറ്റ് ജിപിടി പോലെയും ഡീപ് സീക്ക് പോലെയും മികച്ച മോഡലുകൾ നിർമിച്ചെടുക്കുമെന്നും ആൾട്മാൻ പറഞ്ഞു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തദ്ദേശീയമായി എഐ മോഡലുകൾ നിർമിച്ചെടുക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആൾട്മാന്റെ ഡൽഹി സന്ദർശനം.