ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്ത് മോദി
Thursday, February 6, 2025 4:50 AM IST
മഹാകുംഭ് നഗർ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്രാജിലെ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തശേഷമായിരുന്നു മോദിയുടെ പ്രതികരണം.
കനത്ത സുരക്ഷയാണ് മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രയാഗ്രാജിൽ ഒരുക്കിയിരുന്നത്. ഇന്നലെ രാവിലെ 10.30ന് പ്രയാഗ്രാജിലെത്തിയ മോദി ഗംഗ- യമുന-സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിലേക്ക് ബോട്ടിലാണ് സഞ്ചരിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അനുഗമിച്ചു. മഹാകുംഭനഗറിൽ തിക്കിലും തിരക്കിലും പെട്ട് മുപ്പതുപേർ മരിച്ചതിന് അഞ്ചുദിവസത്തിനുശേഷമായിരുന്നു മോദിയുടെ സന്ദർശനം. ഇന്നലെ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തർപ്രദേശിലെ മിൽക്കിപുരിൽ ഉപതെരഞ്ഞെടുപ്പും നടന്ന ദിനം മോദി പുണ്യസ്നാനത്തിനായി തെരഞ്ഞെടുത്തതിൽ രാഷ്ട്രീയമാനങ്ങൾ ഏറെയുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.