മാധ്യമങ്ങൾ സാധാരണക്കാരുടെ അവസാന പ്രതീക്ഷ: കനിമൊഴി
സ്വന്തം ലേഖകൻ
Thursday, February 6, 2025 4:50 AM IST
ന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യവും വെല്ലുവിളിയും ഭീഷണിയും നേരിടുന്പോൾ സാധാരണ ജനങ്ങൾക്കുള്ള അവസാന പ്രതീക്ഷ മാധ്യമപ്രവർത്തകരാണെന്ന് ഡിഎംകെ നേതാവ് കെ. കനിമൊഴി എംപി. മാധ്യമപ്രവർത്തനം ജീവൻ പണയപ്പെടുത്തി ചെയ്യേണ്ട അവസ്ഥയാണു രാജ്യത്തുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തന മികവിന് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.വി.ആർ. ഷേണായി അവാർഡ് ദ കാരവാൻ മുൻ എക്സിക്യുട്ടീവ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ. ജോസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു കനിമൊഴി. അഭിപ്രായവും സത്യവും തുറന്നു പറയാൻ ഭയക്കേണ്ട സ്ഥിതിയാണ്. പത്രപ്രവർത്തകനായ സിദ്ധിക് കാപ്പൻ ജയിലഴിക്കുള്ളിൽ കിടക്കേണ്ടി വന്നതു വിസ്മരിക്കരുത്. മാധ്യമപ്രവർത്തകരുടെ ജീവനു പോലും സുരക്ഷയില്ല.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിൽ പത്രപ്രവർത്തകർക്കു നിർണായക പങ്കുണ്ട്. സത്യങ്ങൾ തുറന്നെഴുതിയ ധീരനായ മാധ്യപ്രവർത്തകനായിരുന്നു ടി.വി.ആർ. ഷേണായി എന്ന് മുൻ പത്രപ്രവർത്തക കൂടിയായ കനിമൊഴി പറഞ്ഞു.
കേരള ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡ് നിർണയ സമിതി അധ്യക്ഷൻ എൻ.അശോകൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എം.എ. ബേബി, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്, ദ വീക്ക് ഡൽഹി ബ്യൂറോ ചീഫ് നമ്രത ബിജി അഹുജ, ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ജൂറി അംഗവുമായ ജോർജ് കള്ളിവയലിൽ എന്നിവർ സംസാരിച്ചു. ഷേണായിയുടെ മകൾ സുജാത ഷേണായി, മുൻ അവാർഡ് ജേതാവ് വിനോദ് ശർമ, മുതിർന്ന പത്രപ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.