കേന്ദ്രത്തിന്റെ സാന്പത്തികനയങ്ങൾക്കെതിരേ രാഹുൽ ഗാന്ധി
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്പോൾ അതിന്റെ ലാഭം കൊയ്യുന്നത് മറ്റുചിലരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണത്തിന്റെ ഫലമായി സന്പദ്വ്യവസ്ഥയിൽ ഉത്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാഹുൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർധിച്ചു. കാർഷികമേഖലയിലെ തെറ്റായ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
അവർക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ജിഎസ്ടി, ആദായ നികുതി തുടങ്ങിയവ ദരിദ്രരുടെയും ഇടത്തരം ജീവനക്കാരുടെയും ജീവിതം ദുഷ്കരമാക്കി. എന്നാൽ കോർപറേറ്റുകളുടെ വായ്പ സർക്കാർ എഴുതി ത്തള്ളുന്നതായും സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.
കുതിച്ചുയരുന്ന പണപ്പെരുപ്പം വായ്പയെടുക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുന്നു. സാന്പത്തിക അസമത്വമല്ല എല്ലാവർക്കും ഒരേതരത്തിൽ സാന്പത്തിക പുരോഗതി ഉണ്ടാകുന്പോഴാണ് യഥാർഥ വികസനം ഉണ്ടാകുന്നത്.
വ്യവസായങ്ങൾക്ക് രാജ്യത്ത് ന്യായമായ അന്തരീക്ഷമുണ്ടാകണം. ന്യായമായ നികുതിസന്പ്രദായം ഉണ്ടാക്കിയെടുക്കണം. തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കണം. എങ്കിൽ മാത്രമേ രാജ്യം സന്പന്നവും ശക്തവുമാകൂവെന്നും രാഹുൽ പറഞ്ഞു.
വെള്ള ടീഷർട്ട് ധരിച്ച് രാജ്യത്തെ യുവാക്കളും തൊഴിലാളികളും അസമത്വത്തിന് എതിരായ സമരത്തിൽ പങ്കുചേരണമെന്ന് രാഹുൽ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.