‘ബെസ്റ്റി’യിലെ ഗാനങ്ങൾ പുറത്തിറക്കി
Thursday, January 23, 2025 3:00 AM IST
മുംബൈ: മലയാള ചലച്ചിത്രം ‘ബെസ്റ്റി’യിലെ ഗാനങ്ങൾ പുറത്തിറക്കി. മലയാള സിനിമയിലെ സുവര്‍ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന് -ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ‘ബെസ്റ്റി’’യിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിന് ബാലുവും നിത്യ മാമ്മനുമാണ് ആലാപനം.
മുംബൈയിൽ നടന്ന ചടങ്ങിൽ ‘ബെസ്റ്റി’യിലെ നായകൻ അഷ്കർ സൗദാൻ, നായിക സാക്ഷി അഗര്‍വാള്‍, ബോളിവുഡിലെ പ്രശസ്ത ഗായകൻ ജാവേദ് അലി, ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ എന്നിവർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്. മുംബൈയിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ബെൻസിയുടെ ബാനറിൽ ഇതു തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിംഗിനായി കാത്തിരിക്കുന്നതെന്നും അഷ്കർ സൗദാൻ പറഞ്ഞു. ആക്ഷനും പാട്ടുകളും നാടകീയ മുഹൂർത്തങ്ങളുമായി സസ്പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്ടെയ്നറായിരിക്കും ‘ബെസ്റ്റി’ എന്നാണ് സാക്ഷി അഗർവാൾ പറയുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിർമിക്കുന്ന 12-ാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി കാമറയും എം.ആർ. രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിംഗും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു. ചിത്രം നാളെ തിയറ്ററിലെത്തും.