ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 14 മാവോയിസ്റ്റുകളെ വധിച്ചു
Wednesday, January 22, 2025 2:36 AM IST
റായ്പുർ/ഭൂവനേശ്വർ: തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് ചലപതി എന്ന രാമചന്ദ്ര റെഡ്ഡി ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഛത്തീസ്ഗഡ്-ഒഡിഷ അതിർത്തിയിലെ ഹാരിയാബന്ദിൽ തിങ്കളാഴ്ച രാത്രി തുടങ്ങിയ സൈനികനടപടികളിൽ കൂടുതൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റുവെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഗാരിയാബന്ദിലെ കുലാരിഘട്ട് റിസര്‍വ് വനമേഖലയിൽ ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഒഡിഷയിലെ നുവാപദ ജില്ലയിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രമാണു പ്രദേശത്തേക്കുള്ള ദൂരം.
കൊല്ലപ്പെട്ട ചലപതി സിപിഐ (മാവോയിസ്റ്റ്)കേന്ദ്ര കമ്മിറ്റി അംഗമാണ്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അവശേഷിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ മേഖലയിൽനിന്ന് റൈഫിൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സിആർപിഎഫും ഒഡീഷ-ഛത്തീസ്ഗഡ് പോലീസിന്റെ പ്രത്യേക സംഘവും ഉൾപ്പെടെ സുരക്ഷാസൈനികർ തിരച്ചിൽ തുടങ്ങിയത്. ഇന്നലെ പുലർച്ചെവരെ സൈനികനടപടി നീണ്ടു.
ഇതിനിടെ രണ്ട് സ്ഥലങ്ങളിലായി 14 മാവോയിസ്റ്റുകളെ വധിക്കുകയായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റുകൾ തന്പടിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
സുരക്ഷാസേനയെ അഭിനന്ദിച്ച ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയ സായി സിംഗ് 2026 ഓടെ ഛത്തിസ്ഗഡ് മാവോയിസ്റ്റ് ഭീഷണിയിൽനിന്ന് മുക്തമാകുമെന്നും പറഞ്ഞു.
ഏതാനും നാളുകളായി ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിൽ മാവോയിസ്റ്റുകൾക്കെതിരേ സുരക്ഷാസേന അതിശക്തമായ നടപടികളാണു സ്വീകരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ബിജാപുരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ 18 പ്രവർത്തകർ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് കേന്ദ്രങ്ങൾ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം 219 മാവോയിസ്റ്റുകൾ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 217 പേരും ബസ്തര്‍ മേഖലയില്‍നിന്നാണ്. ബസ്തര്‍, ദണ്ഡേവാഡ, കാംഗര്‍, ബിജാപുര്‍, നാരായണ്‍പുര്‍, കൊണ്ടാഗാവ്, സുക്മ ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽനിന്ന് എണ്ണൂറിലധികം മാവോയിസ്റ്റുകളെ അറസ്റ്റ്ചെയ്യുകയുമുണ്ടായി. നക്സൽ വിരുദ്ധ പോരാട്ടത്തിൽ 18 സുരക്ഷാ ഭടന്മാർ കഴിഞ്ഞവർഷം വീരമൃത്യുവരിച്ചു.
ചലപതിയുടെ തലയ്ക്കു വിലയിട്ടിരുന്നത് ഒരുകോടി രൂപ
ഭോപ്പാല്‍: രാജ്യത്തെ മാവോയിസ്റ്റ് സംഘത്തിലെ മുതിര്ന്നയാളുകളിലൊന്നാണ് കൊല്ലപ്പെട്ട ചലപതി എന്ന രാമചന്ദ്ര റെഡ്ഡി. അപ്പാറാവു, രാമു എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്ന ഈ 60 കാരൻ ആന്ധ്രപ്രദേശിലെ ചിറ്റൂർ മദനപ്പള്ളി സ്വദേശിയാണ്.
പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെങ്കിലും മാവോയിസ്റ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഉന്നതസമിതിയായ കേന്ദ്ര കമ്മിറ്റിയിൽ നാളുകളായി പ്രവർത്തിക്കുകയായിരുന്നു.
ബസ്തര്‍ മേഖലയിലെ കൊടുംകാടിനുള്ളിൽ തുടരുന്ന ചലപതിക്ക് പത്തോളം അംഗരക്ഷകരാണ് സുരക്ഷയൊരുക്കിയിരുന്നത്. എകെ 47 തോക്കും എസ്എല്‍ആര്‍ റൈഫിളഉം എപ്പോഴും കൈവശമുണ്ടാകും.
ഒഡിഷ-ഗരിയബന്ദ് അതിര്‍ത്തിയിലെ അബുജ്മദില്‍ സുരക്ഷാസേന വ്യാപക പരിശോധന തുടങ്ങിയതോടെ ഏതാനും മാസം മുമ്പ് സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് ചലപതി മാറിയിരുന്നുവെങ്കിലും ഒടുവിൽ സുരക്ഷാസേനയുടെ തോക്കിന് ഇരയാവുകയായിരുന്നു.