പാസ്റ്ററുടെ സംസ്കാരം: സുപ്രീംകോടതി വിധി പറയാൻ മാറ്റി; 15 ദിവസമായി മൃതദേഹം മോർച്ചറിയിൽ
Thursday, January 23, 2025 3:00 AM IST
ന്യൂഡൽഹി: ക്രിസ്ത്യൻ മതാചാരപ്രകാരം പാസ്റ്ററുടെ സംസ്കാരം നടത്താൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റി സുപ്രീംകോടതി.
കഴിഞ്ഞ 15 ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ വിഷയത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്നയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ ചിന്ദവാഡ ഗ്രാമത്തിൽ ക്രിസ്ത്യൻ മതാചാരപ്രകാരം പിതാവിന്റെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യം നിഷേധിച്ചതിനെത്തുടർന്ന് മകൻ രമേശ് ബാഗലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗ്രാമത്തിനുള്ളിലെ ശ്മശാനം ആദിവാസി ഹിന്ദുക്കൾക്കുള്ളതാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഗ്രാമത്തിനു പുറത്ത് 20 കിലോമീറ്റർ അകലെ ക്രൈസ്തവർക്കായി പ്രത്യേകമുള്ള ശ്മശാനത്തിൽ അടക്കം നടത്തണം. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്പോൾ വിഷയം ക്രമസമാധാനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമത്തിലെ ശ്മശാനം എല്ലാ സമുദായങ്ങൾക്കുമായി പൊതുവായുള്ളതാണെന്നും മരിച്ചയാളുടെ കുടുംബത്തിന് പ്രത്യേക സ്ഥലമുണ്ടെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസ് വാദിച്ചു.
ക്രൈസ്തവനായതിനാൽ ഇതര കുടുംബാംഗങ്ങളെ സംസ്കരിച്ചിടത്തുനിന്ന് മാറി അകലെ ശ്മശാനത്തിൽ കൊണ്ടുപോകണമെന്ന നിലപാട് വിവേചനപരമാണെന്നും കോളിൻ ഗോണ്‍സാൽവസ് പറഞ്ഞു. എന്നാൽ, ക്രൈസ്തവർക്കു മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ ഒരു നിയുക്ത സ്ഥലം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായി വാദത്തിനിടയിൽ കോടതി അഭിപ്രായപ്പെട്ടു.
ഒരു ക്രിസ്ത്യൻ വ്യക്തിയെ ഗ്രാമത്തിലെ ശ്മശാനത്തിലോ സ്വകാര്യഭൂമിയിലോ അടക്കാൻ സമ്മതിക്കില്ലെന്നു വാദിച്ച് ഗ്രാമീണരിൽ ഒരുവിഭാഗം രംഗത്തെത്തിയതോടെയാണു വിഷയം കോടതിയിലെത്തിയത്.
സുഭാഷ് ബാഗേൽ ജനുവരി ഏഴിനാണ് അസുഖത്തെത്തുടർന്ന് മരിച്ചത്. ഗ്രാമീണ ശ്മശാനത്തിൽ സംസ്കരിക്കാൻ ഒരുവിഭാഗം നാട്ടുകാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് അനുകൂലമാകാതിരുന്നതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടുമുന്‍പ് ക്രിസ്തുമതം സ്വീകരിച്ച മുത്തച്ഛനടക്കമുള്ളവരെ ഇതേ ശ്മശാനത്തിലാണ് അടക്കിയിരിക്കുന്നതെന്നായിരുന്നു ഹർജിയിലെ വാദം.