ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഡൽഹിയിൽ വിമാനങ്ങൾ വൈകി
Saturday, January 4, 2025 2:59 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം തുടരുന്നു. ജമ്മു കാഷ്മീരിലെ പല ഉയർന്ന പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രി സെൽഷസിലും താഴെയായി.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം ദൈനംദിന ജീവിതത്തെ ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ 200ലധികം വിമാനങ്ങൾ വൈകുകയും 15ലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
റണ്‍വേയിലെ ദൃശ്യപരത കുറവാണെന്നും വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്നും ഡൽഹിയിലേക്ക് വ്യോമമാർഗം എത്തുന്നവരും പുറപ്പെടുന്നവരുമായ യാത്രക്കാർ അവരുടെ വിമാനക്കന്പനികളുമായി ബന്ധപ്പെട്ട് യാത്രാ സമയത്തിൽ മാറ്റമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡൽഹി വിമാനത്താവളത്തിന്റെ അറിയിപ്പുണ്ട്. നിലവിൽ ഡൽഹിയിലെ അന്തരീക്ഷ താപനില ആറു ഡിഗ്രി സെൽഷസിലും താഴെയാണ്.
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിലേക്ക് എത്തുന്നതും ഡൽഹിയിൽനിന്നു പുറപ്പെടുന്നതുമായ ട്രെയിനുകളും വൈകുകയാണ്. അതിശൈത്യം ഉത്തരേന്ത്യയിലെ 24 ട്രെയിനുകളുടെ പ്രവർത്തനത്തെയാണു ബാധിച്ചത്. നോയിഡയിൽ എട്ടു വരെയുള്ള ക്ലാസുകൾക്ക് അതിശൈത്യം മൂലം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.
ഡൽഹിയിൽ ശൈത്യതരംഗം കുറച്ചുദിവസംകൂടി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ശൈത്യം വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.