ലഡാക്കിൽ പുതിയ കൗണ്ടികൾ രൂപവത്കരിക്കാൻ ചൈന
Saturday, January 4, 2025 2:59 AM IST
ന്യൂഡൽഹി: ലഡാക്കുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളുൾപ്പെടെ ഹോതാനിൽ പുതിയ ഭരണപ്രദേശങ്ങൾ രൂപവത്കരിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരേ പ്രതിഷേധവുമായി ഇന്ത്യ. ഹോതാനിൽ രണ്ട് കൗണ്ടികളാണ് ചൈന രൂപവത്കരിക്കുന്നത്. പ്രദേശത്തെ അധിനിവേശത്തിന് ഈ നടപടി നിയമസാധുത നൽകില്ലെന്ന് ഇന്ത്യ അറിയിച്ചു.
ചൈന കൗണ്ടികൾ രൂപവത്കരിക്കുന്നുവെന്ന് പറയപ്പെടുന്ന ഭാഗങ്ങൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് വരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ പ്രദേശത്തെ ചൈനയുടെ അധിനിവേശം ഒരിക്കലും അംഗീകരിക്കില്ല.
ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് വർഷമായി മുടങ്ങിക്കിടന്ന അതിർത്തി ചർച്ചകൾ ഇരു രാജ്യങ്ങളും പുനരാരംഭിച്ചതിനു പിന്നാലെയാണ് കൗണ്ടികൾ സ്ഥാപിക്കുന്നതായുള്ള ചൈനയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.