ഹരിയാനയിലെ മുൻ എംഎൽഎയെ അറസ്റ്റ് ചെയ്ത ഇഡി നടപടി റദ്ദാക്കി
Saturday, January 4, 2025 3:00 AM IST
ന്യൂഡൽഹി: ഹരിയാന മുൻ കോണ്ഗ്രസ് എംഎൽഎ സുരേന്ദ്ര പവാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) സുപ്രീംകോടതി.
ഇടവേളയില്ലാതെ 15 മണിക്കൂറിനു മുകളിൽ അദ്ദേഹത്തെ ചോദ്യം ചെയ്ത ഇഡി നടപടി മനുഷ്യത്വരഹിതവും അധികാര ദുർവിനിയോഗവുമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവച്ചു.
ഇടവേളയില്ലാതെ ഇത്തരത്തിൽ ഒരാളെ ചോദ്യം ചെയ്യുന്നത് ഒരു കുറ്റസമ്മതം നടത്താൻ അദ്ദേഹത്തെ നിർബന്ധിക്കുന്നതിനു തുല്യമാണെന്നും ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
സർക്കാർ ഏജൻസികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ്. കേസ് മണൽ ഖനനവുമായി ബന്ധപ്പെട്ടതാണെന്നും തീവ്രവാദവുമായി ബന്ധപ്പെട്ടതല്ലെന്നും ഇടവേളയില്ലാതെ ചോദ്യം ചെയ്ത ഇഡി നടപടിയെ വിമർശിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മുൻ എംഎൽഎയ്ക്ക് ഇഡി സമൻസ് അയച്ചശേഷം അദ്ദേഹത്തോടു സോണൽ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 2023 ജൂലൈ 19ന് രാവിലെ 11ന് ഹാജരായ സുരേന്ദ്ര പവാറിനെ നിർത്താതെ പുലർച്ചെ 1.40 വരെ ഇഡി നിർത്താതെ ചോദ്യം ചെയ്യലിനു വിധേയനാക്കി. ഇഡിയുടെ ഈ നടപടി വീരോചിതമല്ലെന്നും മനുഷ്യന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഇഡി കേസിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കുറ്റകൃത്യങ്ങളുമായി പവാറിനെ ബന്ധിപ്പിക്കുന്ന മതിയായ വിവരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി അറസ്റ്റ് നിയമവിരുദ്ധമാണെന്നു കണ്ടെത്തി. തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. നിർത്താതെയുള്ള ചോദ്യം ചെയ്യലിനെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ കണ്ടെത്തൽ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിനിടയിൽ പവാറിന് ഇടവേള നൽകിയതായും പുലർച്ചെ വരെയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ഇതിനോടകം നടപടി സ്വീകരിച്ചതായും ഇഡി അഭിഭാഷകൻ സൊഹൈബ് ഹുസൈൻ സുപ്രീംകോടതിയിൽ പറഞ്ഞു.
ഇഡിയുടെ ഈ വാദം തള്ളിയ കോടതി ഇടവേളയില്ലാതെ ഒരു വ്യക്തിയെ ഇത്രയും നേരം എങ്ങനെ ചോദ്യം ചെയ്തു പീഡിപ്പിക്കാനാകുമെന്ന് ചോദിച്ചു. ഇഡിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്നും പറഞ്ഞു.
ചോദ്യംചെയ്യലടക്കമുള്ള കാര്യങ്ങളിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.