മാലദ്വീപ് പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന വാർത്ത തള്ളി ഇന്ത്യ
Saturday, January 4, 2025 2:59 AM IST
ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിച്ചുവെന്ന ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് ഇന്ത്യ.
വാഷിംഗ്ടണ്‍ പോസ്റ്റ് ഇത്തരം റിപ്പോർട്ടുകളിലൂടെ ഇന്ത്യക്കെതിരേ നിർബന്ധിതമായ ശത്രുത മറ്റു രാജ്യങ്ങളിൽ വളർത്തുകയാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാൾ കുറ്റപ്പെടുത്തി. വാർത്തയിൽ ഒരു തരിപോലും സത്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുയിസുവിനെ മാലദ്വീപ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്യുന്നതിനായി മാലദ്വീപിലെ പ്രതിപക്ഷം ഇന്ത്യൻ സർക്കാരിൽനിന്ന് 60 ലക്ഷം അമേരിക്കൻ ഡോളർ തേടിയിട്ടുണ്ടെന്നായിരുന്നു വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി മുയിസുവിന്റെ സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് കൈക്കൂലി നൽകാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നുവെന്നും എന്നാൽ പ്രതിപക്ഷത്തിന് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതിനിടെ, ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള അപേക്ഷ അവിടുത്തെ ഇടക്കാല സർക്കാരിൽനിന്നു ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ കേന്ദ്രത്തിന്റെ തീരുമാനമെന്താണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വെളിപ്പെടുത്തിയില്ല.
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ജയ്സ്വാൾ വ്യക്തമാക്കി.
മ്യാൻമറിലെ ബ്രഹ്മപുത്ര നദിയുടെ ഉത്ഭവസ്ഥാനത്ത് ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുദ്ദേശിക്കുന്ന ചൈനയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻഗണന നൽകും.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ പ്രവിശ്യയിൽ രണ്ടു കൗണ്ടികൾ നിർമിച്ച ചൈനയുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ ചൈനീസ് കൈയേറ്റങ്ങൾ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ജയ്സ്വാൾ പറഞ്ഞു.