മഹാരാഷ്ട്ര മന്ത്രിയുടെ ‘മിനി പാക്കിസ്ഥാൻ’ പരാമർശം തള്ളി രാജീവ് ചന്ദ്രശേഖർ
Saturday, January 4, 2025 2:59 AM IST
ന്യൂഡൽഹി: കേരളമൊരു മിനി പാക്കിസ്ഥാനാണെന്ന വിവാദ പ്രസ്താവന നടത്തിയ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയോടു വിയോജിപ്പ് രേഖപ്പെടുത്തി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ നേതാക്കൾ റാണയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിലും തനിക്കു വിയോജിപ്പുണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ കേരളത്തെക്കുറിച്ച് ഇത്തരമൊരു പ്രതിച്ഛായ ഉണ്ടാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആത്മപരിശോധന നടത്തണമെന്നും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ സൈനിക ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഭവവും കേരളത്തിലെ പലസ്തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തതും ഇത്തരത്തിലുള്ള പൊതുബോധങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങൾക്കു സർക്കാർ പിന്തുണ നൽകുന്നതും എതിർക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതുമായ നടപടി കേരളത്തെക്കുറിച്ച് മോശം ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.