ജസ്റ്റീസ് സി.ടി. രവികുമാർ പടിയിറങ്ങി
Saturday, January 4, 2025 3:00 AM IST
ന്യൂഡൽഹി: ഗ്രാമീണ പശ്ചാത്തലത്തിൽനിന്നും രാജ്യത്തെ പരമോന്നത കോടതിയിലെ വിശിഷ്ട ജഡ്ജിയെന്ന നിലയിൽ ഉയർത്തപ്പെട്ട സി.ടി. രവികുമാറിന്റെ സേവനം ശ്രദ്ധേയമാണെന്നു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന.
ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും എത്തിയ ദൈവത്തിന്റെ സ്വന്തം മനുഷ്യനാണു ജസ്റ്റീസ് സി.ടി. രവികുമാറെന്നും അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസമായ ഇന്നലെ ഒന്നാം നന്പർ കോടതിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു.
നിലപാടുകളിൽ എന്നും മനുഷ്യത്വം പുലർത്തിയിരുന്നു. പദവി നേടിയെടുക്കുക മാത്രമല്ല അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകകൂടി ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.
അഭിഭാഷകനായി കരിയർ ആരംഭിച്ച തനിക്ക് ബാർ കൗണ്‍സിൽ നൽകിയ പിന്തുണയാണ് ഇവിടെവരെ എത്തിച്ചതെന്നു മറുപടിപ്രസംഗത്തിൽ ജസ്റ്റീസ് രവികുമാർ പറഞ്ഞു.
2021ൽ സുപ്രീകോടതി ജഡ്ജിയായി എത്തിയ ജസ്റ്റീസ് രവികുമാർ നാളെയാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഭരണഘടനാ ബെഞ്ചുകളിലും മുൻമന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് പരിഗണിച്ച ബെഞ്ചിലും അംഗമായിരുന്നു.
ദളിത് വിഭാഗക്കാരനും ഇടുക്കി പീരുമേട് സ്വദേശിയുമായ ജസ്റ്റീസ് രവികുമാർ 20 വർഷത്തോളം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2009 ൽ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും 2010 മുതൽ 2021 വരെ സ്ഥിരം ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
കേരള ജുഡീഷൽ അക്കാദമി പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ പദവികളും വഹിച്ചു. കോഴിക്കോട് ലോ കോളജിൽനിന്നാണു നിയമപഠനം പൂർത്തിയാക്കിയത്.