ബിഹാറിൽ സീറ്റ് വിഭജനം സങ്കീർണം
Monday, January 15, 2024 1:37 AM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജനം സങ്കീർണമാകുന്നു. അഞ്ചു ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം സിപിഐ (എംഎൽ) റെഡ് ഫ്ലാഗ് ആവർത്തിച്ചു.ആര, സിവാൻ കാരകട്ട്, ജഹനാബാദ്, പാടലീപുത്ര സീറ്റുകൾ തങ്ങൾക്കു വേണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കുനാൽ പറഞ്ഞു. ഇക്കാരയം ആർജെഡി നേതൃത്വത്തെ അറിയിച്ചിരുന്നു.
തങ്ങളുടെ 16 സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ജെഡി-യു പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് 11 സീറ്റാണ് ആവശ്യപ്പെടുന്നത്. സിപിഐ, സിപിഎം പാർട്ടികൾ രണ്ടു സീറ്റ് വീതം ചോദിക്കുന്നു. ആർജെഡി സീറ്റുകളുടെ എണ്ണം പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല.ആകെ 40 സീറ്റുകളാണുള്ളത്.
ജെഡി-യു മത്സരിക്കുന്ന അത്രയും സീറ്റുകൾ ആർജെഡിക്കു ലഭിക്കുമെന്നാണു സൂചന. ഇരു പാർട്ടികളും 16 വീതം സീറ്റുകളിൽ മത്സരിച്ചാൽ ബാക്കിയുള്ളത് ആറു സീറ്റാണ്. ഇതിൽ നാലെണ്ണം കോൺഗ്രസിനും രണ്ടെണ്ണം സിപിഐ(എംഎൽ)ക്കു നല്കിയേക്കും. അങ്ങനെവന്നാൽ, സിപിഐക്കും സിപിഎമ്മിനും സീറ്റില്ലാതെ വരും. സീറ്റു വിഭജന ചർച്ചകൾ വൈകുന്നതിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ്കുമാർ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. പലവട്ടം ചർച്ചകൾ നടന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.