എം.ടിക്ക് വിട നൽകി രാജ്യം
Friday, December 27, 2024 5:18 AM IST
ന്യൂഡൽഹി: മലയാളസാഹിത്യത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച സർഗകലാകാരന് രാജ്യത്തിന്റെ ആദരം. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെ ലോകസാഹിത്യത്തിനു വലിയൊരു നഷ്ടം സംഭവിച്ചു എന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനമറിയിച്ചത്. ഇന്ത്യയുടെ ഗ്രാമങ്ങളുടെ ജീവൻ അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുവെന്ന് അനുശോചനക്കുറിപ്പിൽ രാഷ്ട്രപതി പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ടവർക്കും സമൂഹത്തിൽ നിശബ്ദരായി പോയവർക്കുംവേണ്ടി എന്നും ശബ്ദമുയർത്തിയിട്ടുള്ള എഴുത്തുകാരനായിരുന്നു എംടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. വിവിധ മനുഷ്യവികാരങ്ങളെ ആഴത്തിൽ തേടിയിട്ടുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ പല തലമുറകൾക്കു രൂപംനൽകിയിട്ടുണ്ടെന്നും ഇനിയും പല തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരികതനിമയിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള എംടിയുടെ കഥകൾ പലതലമുറകളിലുള്ള ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എംടിയുടെ വിയോഗം സാഹിത്യത്തിനും സിനിമയ്ക്കും നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ സാഹിത്യപാരന്പര്യവും ജ്ഞാനവും ഇനിയും പലരെ പ്രചോദിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
എംടി മലയാളസാഹിത്യത്തിനും സിനിമയ്ക്കും നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികൾ കാലാതീതമാണെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
എംടിയുടെ മരണത്തോടെ സാംസ്കാരിക ആവിഷ്കാരം വിളിച്ചോതുന്ന മാധ്യമങ്ങളായി സിനിമയെയും സാഹിത്യത്തെയും മാറ്റിയ മഹാന് നാം വിട പറയുകയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ പാരന്പര്യം അദ്ദേഹത്തിന്റെ കഥകളിലൂടെയും അദ്ദേഹം സ്വാധീനിച്ച എല്ലാ ഹൃദയങ്ങളിലൂടെയും മരണമില്ലാത്തതായിരിക്കുമെന്നു പ്രിയങ്ക പറഞ്ഞു.