അണ്ണാ സർവകലാശാല പീഡനം: പ്രതിഷേധം കനക്കുന്നു
Friday, December 27, 2024 4:52 AM IST
ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനി ലൈംഗീകപീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. അറസ്റ്റിലായ പ്രതി ജ്ഞാനശേഖൻ ഭരണകക്ഷിയായ ഡിഎംകെയുടെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണത്തിനു പുറമേ കേസിലെ എഫ്ഐആർ ചോർന്നതും പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിക്കുകയാണ്.
അഡയാറിനുസമീപം ഗിണ്ടിയിലുള്ള എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ലൈംഗീകപീഡനത്തിന് ഇരയായത്. കോളജ് കാന്പസിലെ കെട്ടിടത്തിനു പുറകിൽ പുരുഷ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗീകമായി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജ്ഞാനശേഖരൻ പിടിയിലായത്. ഇന്നു സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കാൻ പ്രതിപക്ഷമായ എഐഎഡിഎംകെ തീരുമാനിച്ചു.