പ്രവര്‍ത്തകസമിതി യോഗം ബെലഗാവിയിൽ തുടരുന്നു
Friday, December 27, 2024 5:22 AM IST
ബലഗാവി: പുതുവര്‍ഷം മുതല്‍ ഏറ്റെടുക്കേണ്ട രാഷ്ട്രീയദൗത്യങ്ങള്ക്കു രൂപരേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുദിവസം നീളുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു കര്‍ണാടകത്തിലെ ബലഗാവിയിൽ തുടക്കം. മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ നൂറുവര്‍ഷം മുമ്പ് 1925 ല്‍ ഇവിടെ നടന്ന നേതൃയോഗത്തിന്റെ ഓര്മ പുതുക്കിയാണ് ‘നവ സത്യഗ്രഹ ബൈഠക്’എന്ന പേരിലുള്ള രണ്ടുദിവസത്തെ പ്രവർത്തക സമിതിയോഗം.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ പ്രമുഖര്‍ രാഷ്ട്രീയ, സംഘടനാ പ്രശ്നങ്ങൾ സംസാരിക്കും.
കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനമാണു യോഗത്തിൽ ഉയർന്നത്. ഭരണഘടനാശില്പി അംബേദ്കറെക്കുറിച്ചുള്ള മോശം പരാമർശത്തിലെ തെറ്റ് അംഗീകരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്ന് പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്ത ഖാർഗെ പറഞ്ഞു. സംഘടനാപരമായി കോൺഗ്രസ് കരുത്താർജിക്കുന്ന വർഷമായിരിക്കും 2025. ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങളെല്ലാം നികത്തും. ബൂത്ത് തലം മുതൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ഖാർഗെ പറഞ്ഞു.
അശോക് ഗഹോലോട്ട് ദേശീയ അധ്യക്ഷനാകും എന്നതുൾപ്പെടെ അഭ്യൂഹങ്ങൾ സമ്മേളനവേദിയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദി മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണു ആലോചന. ഛത്തിസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്, മഹാരാഷ് ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് എന്നിവരും ചര്‍ച്ചകളിലുണ്ട്. ദേശീയ ഭാരവാഹികള്‍ക്കു പുറമേ ഒരു ഡസനിലധികം സംസ്ഥാന ഭാരവാഹികള്‍ക്കും മാറ്റം ഉണ്ടാകുമെന്നാണ് പ്രചാരണം.