ബിജെപിക്ക് ലഭിച്ച സംഭാവന 2,244 കോടി
സ്വന്തം ലേഖകൻ
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: വ്യക്തികൾ, ട്രസ്റ്റുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് കഴിഞ്ഞ സാന്പത്തികവർഷം (2023-24) ബിജെപിക്കു ലഭിച്ച സംഭാവന 2,244 കോടി രൂപ. കോണ്‍ഗ്രസിനെ അപേക്ഷിച്ച് പത്തിരട്ടിയിലധികം തുകയാണ് കഴിഞ്ഞ സാന്പത്തികവർഷം ബിജെപിക്കു ലഭിച്ചതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. 2022-23 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 212 ശതമാനം വർധന.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 289 കോടി രൂപ സംഭാവനയായി ലഭിച്ച കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞവർഷം ഇത് 79.9 കോടിയായിരുന്നു. 580 കോടി രൂപ ലഭിച്ച തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന്റെ ബിആർഎസ് ആണ് രണ്ടാം സ്ഥാനത്ത്. പ്രൂഡന്റ് ഇലക്റ്ററൽ ട്രസ്റ്റാണ് ബിജെപിക്കും കോണ്‍ഗ്രസിനും സംഭാവന നൽകിയവരിൽ മുന്നിലുള്ളത്.
ബിആർഎസിനും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും പ്രൂഡന്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശ് ഭരിക്കുന്ന ടിഡിപിക്ക് 33 കോടി രൂപയാണ് പ്രൂഡന്റ് നൽകിയത്. ആം ആദ്മി പാർട്ടിക്ക് ലഭിച്ച സംഭവാന മുൻവർഷത്തെ അപേക്ഷിച്ച് 37.1 കോടി രൂപയിൽ നിന്ന് 11.1 കോടി രൂപയായി കുറഞ്ഞു.
സിപിഎമ്മിന് 1.5 കോടി രൂപ വർധിച്ച് 7.6 കോടി രൂപയാണു ലഭിച്ചത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രൂഡന്റിന് പ്രധാനമായും പണം ലഭിച്ചിരിക്കുന്നത് മേഘ എഞ്ചിൻ ആൻഡ് ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ തുടങ്ങിയവരിൽ നിന്നാണ്.