അജയ് മാക്കനെതിരേ നടപടിയില്ലെങ്കിൽ ഇന്ത്യ സഖ്യം തകരുമെന്ന് എഎപി
സ്വന്തംലേഖകൻ
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: ‘ഇന്ത്യ’ സഖ്യത്തിനുള്ളിൽ വിള്ളൽവരുത്തി ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. എഎപിക്കെതിരേ രൂക്ഷ ആരോപണങ്ങൾ ഉയർത്തിയ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോണ്‍ഗ്രസിനെ ഇന്ത്യ സഖ്യത്തിൽനിന്ന് പുറത്താക്കാൻ മറ്റു പാർട്ടികളോട് ആവശ്യപ്പെടുമെന്നാണ് എഎപിയുടെ ഭീഷണി.
എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിനെ രാഷ്്ട്രവിരുദ്ധനെന്ന് വിശേഷിപ്പിച്ച അജയ്ക്കെതിരേ 24 മണിക്കൂറിനുള്ളിൽ കോണ്‍ഗ്രസ് നടപടിയുണ്ടായില്ലെങ്കിൽ ഇന്ത്യസഖ്യം തകരുമെന്ന് എഎപി അന്ത്യശാസനം നൽകി.
എഎപിയുമായി സഖ്യത്തിൽ ചേർന്നതുതന്നെ തെറ്റാണെന്നു പ്രതികരിച്ച അജയ് മാക്കൻ എഎപിയെയും ബിജെപിയെയും ലക്ഷ്യംവച്ചു ഡൽഹിയിൽ നടപ്പിലാക്കാത്ത വാഗ്ദാനങ്ങളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളെ ബിജെപിയാണ് തെരഞ്ഞെടുത്തതെന്ന് എഎപി ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥികൾക്ക് തെരഞ്ഞടുപ്പിനു വേണ്ട പണം നൽകുന്നതും ബിജെപിയാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പ്രതികരണം.