കാഷ്മീരിലേക്ക് അടുത്ത മാസം മുതൽ ട്രെയിനുകൾ ഓടിയേക്കും
സ്വന്തം ലേഖകൻ
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് കാഷ്മീർ താഴ്വരയിലേക്കുള്ള ട്രെയിൻ സർവീസ് അടുത്തമാസം മുതൽ ആരംഭിക്കാൻ സാധ്യത.
ഈ റൂട്ടിൽ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. എയർ പോർട്ടുകളിൽ കയറുന്നതിന് സമാനമായ സുരക്ഷാപരിശോധന ഈ റൂട്ടുകളിലുള്ള ട്രെയിനുകളിൽ ഉണ്ടായിരിക്കും. കൂടുതൽ റെയിൽവേ സുരക്ഷാസേനയെ (ആർപിഎഫ്) വിന്യസിക്കും. ശീതകാലത്ത് കോച്ചുകളിലും ചക്രങ്ങളിലും മുൻവശത്തെ ഗ്ലാസുകളിലും മഞ്ഞ് അടിഞ്ഞുകൂടാത്ത തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ട്രെയിനുകളായിരിക്കും ഓടിക്കുക.
അടുത്ത മാസം അഞ്ചിന് ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽപാതയുടെ ഏകദേശം 250 കിലോമീറ്റർ ദൂരമുള്ള കത്ര- റിയാസി ഭാഗത്തിന്റെ അന്തിമ പരിശോധന റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തുന്നുണ്ട്. ഈ റൂട്ടിൽ ചരക്ക് ട്രെയിനുകളുടെ ട്രയൽറണ്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സോനാമാർഗ് പട്ടണത്തെയും ശ്രീനഗറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1994 95 ലാണ് കാഷ്മീർ ലൈൻ എന്നറിയപ്പെടുന്ന ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന് (യുഎസ്ബിആർഎൽ) സർക്കാർ അനുമതി നൽകുന്നത്. ഭൗമ ശാസ്ത്രപരമായ പ്രത്യാഘതങ്ങളും മണ്ണിടിച്ചിലും പദ്ധതിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു.