ക്രമസമാധാനത്തിൽ വിട്ടുവീഴ്ചയില്ല: രേവന്ത് റെഡ്ഢി
Friday, December 27, 2024 4:52 AM IST
ഹൈദരാബാദ്: സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സിനിമാരംഗമുൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്ക് സിനിമാ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നടൻ അല്ലു അർജുന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാബിനറ്റ് ഉപസമിതി രൂപവത്കരിക്കുമെന്നും പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു.
നിർമാതാവും തെലുങ്കാന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ (എഫ്ഡിസി) ചെയർമാനുമായ വെങ്കട രമണ റെഡ്ഢിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി എന്ന നിലയിൽ നിയമം നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സിനിമാ വ്യവസായത്തിന് എല്ലാ പിന്തുണയും നൽകാൻ സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിനിധി സംഘത്തിൽ അഭിനേതാക്കളായ നാഗാർജുന, വെങ്കിടേഷ്, മുരളി മോഹൻ, സംവിധായകരായ ത്രിവിക്രം ശ്രീനിവാസ്, കെ. രാഘവേന്ദ്ര റാവു, നിർമാതാക്കളായ ദഗ്ഗുബട്ടി സുരേഷ്, അല്ലു അരവിന്ദ് (അല്ലു അർജുന്റെ പിതാവ്), സി. കല്യാൺ എന്നിവരും ഉണ്ടായിരുന്നു.