വോട്ട് കുത്തി സ്ത്രീകൾ ചരിത്രത്തിൽ
സ്വന്തംലേഖകൻ
Friday, December 27, 2024 4:52 AM IST
ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിവിവരക്കണക്കു പ്രകാരം 64.64 കോടി ജനങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നു തെരഞ്ഞെടുപ്പുകമ്മീഷൻ.
2019ലെ 61.4 കോടി വോട്ടിൽനിന്ന് അഞ്ചുവർഷം കൊണ്ട് 3.24 കോടി വോട്ടുകളാണ് വർധിച്ചത്. സ്ത്രീ വോട്ടർമാരിൽ 65.78 ശതമാനംപേരും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ പുരുഷന്മാർ 65.55 ശതമാനം മാത്രമാണ്. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ലോക്സഭയിലേക്കു സ്ത്രീകൾ പുരുഷന്മാരേക്കാൾ വോട്ട് രേഖപ്പെടുത്തുന്നത്. 2019ലും സ്ത്രീകളാണ് കൂടുതൽ വോട്ട് ചെയ്തിരുന്നത്.
സ്ത്രീസ്ഥാനാർഥികളുടെ എണ്ണം 2019ൽ 726 ആയിരുന്നത് 800 ആയി വർധിച്ചിട്ടുണ്ട്.നോട്ടക്ക് ലഭിച്ച വോട്ടുശതമാനത്തിൽ കുറവുവന്നിട്ടുണ്ട്. 2019ൽ 1.06 ശതമാനം വോട്ട് നോട്ടയ്ക്ക് ലഭിച്ചപ്പോൾ ഈ തെരഞ്ഞെടുപ്പിൽ 0.99 ശതമാനം വോട്ട് മാത്രം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറു ദേശീയപാർട്ടികൾ മത്സരിച്ചു. ആകെ വോട്ടിന്റെ 63.35 ശതമാനം വോട്ടുകളും ഈ പാർട്ടികളാണ് നേടിയത്.
3921 സ്വതന്ത്രസ്ഥാനാർഥികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും ഏഴുപേർക്കു മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് സംവിധാനത്തെ ദുർബലപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് സ്വമേധയാ തെരഞ്ഞെടുപ്പു കണക്കുകൾ പുറത്തുവിടുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.