തുടർച്ചയായി പത്തുവർഷം പ്രധാനമന്ത്രി
ജോർജ് കള്ളിവയലിൽ
Friday, December 27, 2024 5:22 AM IST
ന്യൂഡൽഹി: സാന്പത്തിക- ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തിനിൽക്കുന്ന ഡോ. മൻമോഹൻസിംഗ് വിടവാങ്ങുന്പോൾ സൗമ്യത, മാന്യത, സത്യസന്ധത, ബൗദ്ധികത തുടങ്ങിയവയുടെ ആൾരൂപമാണ് മറയുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ അമൃത്സറിലേക്കു കുടിയേറുകയായിരുന്നുമൻമോഹന്റെ കുടുംബം. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠിത്തം.
ആ കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിലിരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥിജീവിതം വരെയെത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന പേരെടുത്തു. റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ.
കുടുംബം
പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗാഹിൽ 1932 സെപ്റ്റംബർ 26നു ജനനം. ഏക മകനായിരുന്നു. ഉർദു ഭാഷയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോഴും ഉർദു നന്നായി വഴങ്ങും. ഹിന്ദി വായിക്കാനറിയില്ല, പക്ഷേ നന്നായി പ്രസംഗിക്കാനും സംസാരിക്കാനും കഴിയും. ഇന്ത്യാ വിഭജനത്തെത്തുടർന്ന് കുടുംബം അമൃത്സറിലേക്കു താമസം മാറ്റി. പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാനമ്മയിലുണ്ടായ സഹോദരങ്ങളുമായും മൻമോഹന് അടുപ്പമുണ്ട്.
ഗുർശരണ് കൗറിനെ 1958 ലാണ് വിവാഹം ചെയ്ത്. ഇവർക്ക് മൂന്നു പെണ്മക്കളാണ്. ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്. മൂത്ത മകൾക്ക് രണ്ട് ആണ് മക്കളും രണ്ടാമത്തെ മകൾക്ക് ഒരാണ്കുട്ടിയുമാണ്. ഇളയ മകൾക്ക് കുട്ടികളില്ല. കൊച്ചുമക്കളിൽ രണ്ടു പേർ ജോലിക്കാരായി. ഇവരിലൊരാൾ വിദേശത്താണ്. മൂന്നാമത്തെ കൊച്ചുമകൻ ഡൽഹിയിൽ അഭിഭാഷകൻ."സ്ട്രിക്റ്റിലി പേഴ്സണൽ’ എന്ന പേരിൽ മകൾ ദമൻ സിംഗ് മാതാപിതാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനവും പടവുകളും
പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം കേംബ്രിഡ്ജിലും ഓക്സ്ഫഡിലുമായിരുന്നു മൻമോഹന്റെ ഉന്നതപഠനം. ഓക്സ്ഫഡിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷം ഐക്യരാഷ്ട്രസഭയി ൽ ജോലി ചെയ്തു.മടങ്ങിയെത്തി കേന്ദ്രസർക്കാരിന്റെ വിദേശവ്യാപാര ഉപദേശകനായി. തുടർന്ന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രഫസറായിരിക്കെ 1972ൽ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉപദേഷ്ടാവ്. 1976ൽ കേന്ദ്ര ധന സെക്രട്ടറിയായി. 1980ൽ ആസൂത്രണ കമ്മീഷനിലെത്തി.
റിസർവ് ബാങ്ക് ഗവർണറായി 1980ൽ മൻമോഹനെ നിയമിച്ചത് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖർജി ആയിരുന്നു. ഇതേ പ്രണാബ് പിന്നീട് മൻമോഹൻ മന്ത്രിസഭയിൽ ധനമന്ത്രിയായി.
പ്രധാനമന്ത്രിയാകാൻ മോഹിച്ച പ്രണാബ് രാഷ്ട്രപതിയായി. അപ്പോഴും പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ, എക്കാലവും പ്രണാബിനെ ബഹുമാനിക്കാൻ മൻമോഹൻ മടിച്ചില്ല.
1985ൽ റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി പൂർത്തിയാക്കിയപ്പോൾ മൻമോഹൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി. കാലാവധി കഴിഞ്ഞപ്പോൾ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ സാന്പത്തിക നയങ്ങളുടെ തിങ്ക് ടാങ്ക് ആയ സൗത്ത് കമ്മീഷനിൽ സെക്രട്ടറി ജനറലായി. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സാന്പത്തിക ഉപദേഷ്ടാവായാണ് 1990ൽ ഇന്ത്യയിൽ മടങ്ങിയെത്തിയത്. പിറ്റേ വർഷം യുജിസി ചെയർമാനായി.
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ബന്ധം എക്കാലത്തും പുലർത്തിപ്പോന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. പ്രധാനമന്ത്രി ആയിരുന്നപ്പോൾ എല്ലാ ആഴ്ചയിലും നടന്നിരുന്ന കോർ കമ്മിറ്റി യോഗത്തിനായി സോണിയ ഇദ്ദേഹത്തിന്റെ വസതിയിലെത്തുമായിരുന്നു. പ്രണാബ് മുഖർജി, എ.കെ. ആന്റണി, പി. ചിദംബരം, അഹമ്മദ് പട്ടേൽ തുടങ്ങിയവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്. യുപിഎ സർക്കാരിന്റെ നയപരമായ കാര്യങ്ങളും രാഷ്ട്രീ യ കാര്യങ്ങളും ആയിരുന്നു ചർച്ച. സർക്കാർ ഫയലുകൾ ഈ യോഗത്തിലേക്കു കൊണ്ടുവരുമായിരുന്നില്ല.
രാഹുൽ ഗാന്ധിയുമായും നല്ല ബന്ധം പുലർത്താൻ മൻമോഹൻ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയായിരിക്കെ ഇടയ്ക്കെല്ലാം മൻമോഹനെ രാഹുൽ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ചേരാൻ പലതവണ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു. യുപിഎ സർക്കാരിന്റെ ഒരു ബിൽ ഡൽഹി പ്രസ് ക്ലബിൽ വച്ച് വലിച്ചുകീറിയ സംഭവം മൻമോഹന്റെ മനസ് നോവിച്ചു. പക്ഷേ അതൊന്നും ഒരിക്കലും നീരസമായി പ്രകടിപ്പിച്ചില്ല. പ്രധാനമന്ത്രിപദവി ഒഴിഞ്ഞ ശേഷവും രണ്ടോ മൂന്നോ തവണ മൻമോഹനെ വീട്ടിൽ ചെന്നു രാഹുൽ കണ്ടിരുന്നു. എന്നാൽ, സോണിയയുമായുള്ള ആത്മബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായില്ല.