സിബിഎസ്ഇ പരീക്ഷാ ടൈംടേബിള്‍ ആശങ്ക പരിഹരിക്കുമെന്ന്
Thursday, October 16, 2025 1:53 AM IST
കൊച്ചി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കുമെന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന് പറഞ്ഞു.
രണ്ടു വിഷയങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചതിനെത്തുടര്ന്നാണു വിദ്യാർഥികളിൽ ആശങ്കയ്ക്കിടയാക്കിയത്. സ്കൂളുകളും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍ കേരള, പരീക്ഷാ കണ്‍ട്രോളറെ അറിയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയില്‍ പരീക്ഷ ടൈംടേബിള്‍ പുനര്‍ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചതായും ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ഇന്ദിര രാജന് വ്യക്തമാക്കി.
പുതുക്കിയ പരീക്ഷാരീതിയനുസരിച്ച് ഈ അധ്യയനവര്‍ഷം മുതല്‍ രണ്ട് ബോര്‍ഡ് പരീക്ഷയാണ്. ഫെബ്രുവരി പകുതിയില്‍ പരീക്ഷ ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും തുടര്‍ന്ന് രണ്ടാമത്തെ പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ക്രമീകരിച്ചുകൊണ്ടുമാണ് ടൈംടേബിള്‍ തയാറാക്കിയിരിക്കുന്നത്.
നിലവിലെ ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി അഞ്ചിന് മലയാളം, ആറിന് സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകളാണു നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പരീക്ഷകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനുള്ള സമയക്കുറവ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഈ വിഷയം തന്നെ പ്ലസ് ടു പരീക്ഷയിലും ബാധിച്ചിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷാ സമ്പ്രദായമനുസരിച്ച് ഒരു നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള സിബിഎസ്ഇ നിര്‍ദേശിക്കുന്ന അംഗീകൃത സ്കൂളുകളാണ് പരീക്ഷാസെന്ററുകളായി അനുവദിക്കുന്നത്. പരീക്ഷാദിവസങ്ങളിലെ യാത്രയും തുടര്‍ പരീക്ഷകളെ ബാധിക്കും.