നവീൻ ബാബുവിന്റെ മരണത്തിന് ഒരാണ്ട്; ദുരൂഹത ബാക്കി
Wednesday, October 15, 2025 12:34 AM IST
കണ്ണൂർ: കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. 2024 ഒകേ്ടാബര്‍ 15ന് രാവിലെയാണു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്.
ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ നവീൻ ബാബുവിനു സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി സിപിഎം നേതാവും അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ ബാബുവിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. പിറ്റേദിവസം നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വാര്‍ത്തയാണ് നാട് കേട്ടത്.
ആത്മഹത്യയെന്നു പറഞ്ഞുതള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, ഈയാവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുകയായിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്നു സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ കോടതികൾ അംഗീകരിക്കുകയായിരുന്നു.
നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതി. കേസ് തലശേരി അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയാണ് പരിഗണിക്കുന്നത്.
പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹർജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്.