സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: വീണ്ടും പ്രതിസന്ധി
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്. മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സ്കൂളുകളിലേക്കുള്ള അരിവിതരണം നിലച്ചതോടെയാണു പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങിയത്. മറ്റു ജില്ലകളിലെ സ്കൂളിലും അരിവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുകയും ഇതുവരെ അനുവദിക്കാത്തതിനാൽ പ്രധാനാധ്യാപകർ വീണ്ടും കടക്കെണിയിലേക്കു നീങ്ങുകയാണെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.
മുട്ട, പാൽ വിതരണത്തിനു ചെലവായ തുകയും ഇതുവരെ അനുവദിച്ചിട്ടില്ല. സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി നൽകാനും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണം, മുട്ട, പാൽ വിതരണം എന്നിവയ്ക്ക് ചെലവായ തുക അനുവദിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജി. സുനിൽകുമാർ പറഞ്ഞു.