ശബരിമല സ്വർണക്കൊള്ള; വീണ്ടും സസ്പെൻഷൻ
Wednesday, October 15, 2025 2:25 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനു കൂടി സസ്പെൻഷൻ. സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം പ്രതി ചേർത്ത ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനിയർ കെ. സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.
സ്വർണപ്പാളി ചെന്പാണെന്ന് രേഖപ്പെടുത്തിയ മഹസറിൽ അന്നത്തെ അസിസ്റ്റന്റ് എൻജിനീയറായിരുന്ന സുനിൽകുമാർ സാക്ഷിയായി ഒപ്പിട്ടിരുന്നു. ഇത് ഗുരുതര വീഴ്ചയായി ദേവസ്വം ബോർഡ് വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സുനിൽകുമാർ ഉൾപ്പെടെ ഒൻപത് ഉദ്യോഗസ്ഥരെ സ്വർണക്കവർച്ചയിൽ പ്രതി ചേർത്തത്.
ദേവസ്വം വിജിലൻസിന്റെ കണ്ടെത്തിലിനു പിന്നാലെ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. സ്വർണപ്പാളി ചെന്പുപാളിയെന്നു രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് വിജിലൻസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു നടപടി.
സ്വർണക്കൊള്ള കേസിൽ ആകെ ഒൻപത് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തിട്ടുള്ളത്. ഇവരിൽ ഏഴു പേർ നേരത്തേ സർവീസിൽനിന്നു വിരമിച്ചു. ഇവർക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ ഉത്തരവിന് അനുസരിച്ച് തീരുമാനിക്കാനും ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ധാരണയായി.
ദ്വാരപാലക പീഠം കാണാനില്ലെന്ന വ്യാജ ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതേസമയം കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്നും ഇത് വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾക്ക് വിധേയമാക്കേണ്ടതും നഷ്ടപ്പെട്ടുപോയ സ്വർണം കണ്ടെത്തി തിരിച്ചുപിടിക്കേണ്ടതുമാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും ബോർഡ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് പരിശോധന സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നു സൂചന
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ പരിശോധന നടത്തി.
എന്നാൽ, സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണു വിവരം. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കുന്നതിനായി രേഖകൾ നശിപ്പിച്ചതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേർന്നുകൊണ്ടിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ആസ്ഥാനത്ത് എത്തിയത്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണപ്പാളി പൊതിയാൻ നൽകിയ സ്വർണവുമായി ബന്ധപ്പെട്ട രേഖകളും പിന്നീട് ചെന്പുപാളിയായതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്താനായിരുന്നു പരിശോധന. എന്നാൽ, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിൽ പലതും ലഭിച്ചില്ലെന്നാണു വിവരം.
നേരത്തെ ശബരിമല ക്ഷേത്രത്തിലും സ്വർണം പൂശിയ ചെന്നൈയിലെ സ്ഥാപനത്തിലും പ്രത്യേക അന്വേഷണസംഘം എത്തിയിരുന്നു. ബംഗളൂരുവിലെ സ്പോണ്സർമാരിൽനിന്നു മൊഴിയെടുത്തിരുന്നു.