മകനെതിരായ സമന്‍സ് ; മുഖ്യമന്ത്രി ദുഃസ്വാധീനം ഉപയോഗിച്ചു: സണ്ണി ജോസഫ്
Wednesday, October 15, 2025 1:37 AM IST
തൃത്താല (പാലക്കാട്): മകനെതിരായ ഇഡി സമന്‍സ് മുഖ്യമന്ത്രിയുടെ ദുഃസ്വാധീനം ഉപയോഗിച്ച് ഒതുക്കിയെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
അങ്ങനെയല്ലെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃത്താലയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസസംരക്ഷണയാത്ര ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണിത് ഒതുക്കിയത്. അതെന്തിനായിരുന്നുവെന്നു ജനങ്ങള്‍ക്ക് അറിയണം. ഈ വിഷയത്തില്‍ വ്യക്തമായ മറുപടിനല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉരുണ്ടുകളിക്കുകയായിരുന്നു. വെറുതെ എല്ലാവര്ക്കും അങ്ങനെ ഇഡി നോട്ടീസ് അയയ്ക്കുമോ? മുഖ്യമന്ത്രിയുടെ മകനെതിരേ ശക്തമായ ഒരു കേസ് ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ബാങ്ക് അക്കൗണ്ട്, സ്വത്തുവിവരങ്ങള്‍ എന്നിവ തേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസത്തില്‍ അവര്‍ നോട്ടീസ് അയച്ചത്.
ആദ്യ സമന്‍സ് കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഒരിക്കല്‍കൂടി അയയ്ക്കുകയും അതിനുശേഷവും കൈപ്പറ്റിയില്ലെങ്കില്‍ വാറന്റ്, അറസ്റ്റ് തുടങ്ങിയവയുമാണ് നടപടിക്രമം. എന്തു നടപടിയെടുത്തെന്ന് അറിയാന്‍ പൗരന്മാര്ക്ക് അവകാശമുണ്ട്.
അത് ഇഡിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ഇഡി സമന്‍സ് പിന്‍വലിച്ചെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെയും, താനൊന്നും അറിഞ്ഞില്ലാ ദേവനാരായണ എന്ന മുഖ്യമന്ത്രിയുടെയും നിലപാടിലെ പൊരുത്തക്കേടും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
പേരാമ്പ്ര സംഘര്‍ഷത്തില്‍ സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണത്തിനെതിരേയും സണ്ണി ജോസഫ് പ്രതികരിച്ചു. പേരാമ്പ്രയില്‍ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് എസ്പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷാഫി പറമ്പിലിനു മര്‍ദനമേല്‍ക്കുന്ന ദൃശ്യം കേരളം കണ്ടതാണ്. സ്ഫോടകവസ്തു എറിഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.