കെഎസ്ആർടിസി ഷെഡ്യൂൾ ഉണ്ടാക്കാൻ എഐ സേവനം: മന്ത്രി
Thursday, October 16, 2025 1:53 AM IST
തിരുവല്ല: വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തിരുവല്ല ബിലീവേഴ്സ് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന സംസ്ഥാനതല സെമിനാറില്‍ വിഷന്‍ 2031അവതരണം നടത്തുകയായിരുന്നു മന്ത്രി.
ആറുവരി ദേശീയ പാത പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത രംഗത്ത് വന്‍ മാറ്റമുണ്ടാകും. ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും.
ഡ്രൈവിംഗ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ടാബ് നല്‍കും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. ഓഫീസില്‍ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. നിര്‍മിതബുദ്ധി സഹായത്താല്‍ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടര്‍ച്ചയായി ബസുകള്‍ ഒരേ റൂട്ടില്‍ പോകുന്ന സാഹചര്യമുണ്ട്.
നിര്‍മിത ബുദ്ധിയാല്‍ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇതിനു പരിഹാരമുണ്ടാക്കും. ഒരേ റൂട്ടില്‍ കൃത്യമായ ഇടവേളയില്‍ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജിപിഎസ് സഹായത്താല്‍ ഗതാഗത കുരുക്ക് മുന്‍കൂട്ടി അറിഞ്ഞ് ഷെഡ്യൂള്‍ നിശ്ചയിക്കാനാകും.
റോഡപകടങ്ങളുടെ എണ്ണം വര്‍ധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 278 എണ്ണം കുറഞ്ഞു.
എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ നിയമനത്തിന് പോലീസിലേതു പോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവര്‍ത്തികമാക്കുന്നത് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.