പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിവാദം സങ്കീർണമാകുന്നു ; വിദ്യാഭ്യാസമന്ത്രി കരണംമറിഞ്ഞു
Wednesday, October 15, 2025 2:25 AM IST
പള്ളുരുത്തി (കൊച്ചി): പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളില്‍ എട്ടാം വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നം സങ്കീർണമാകുന്നു.
യൂണിഫോം വസ്ത്രധാരണം സംബന്ധിച്ചു സ്കൂളിന്റെ നിയമങ്ങള്‍ പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് വ്യക്തമാക്കിയതായി ഹൈബി ഈഡന് എംപി അറിയിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ കരണംമറിച്ചിൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലാക്കി.
വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടിയാണു സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്കു മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ചു സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്കു തീരുമാനിക്കാം. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണമായി പരിഹരിക്കാനും മന്ത്രി സ്കൂൾ അധികൃതർക്കു നിർദേശം നൽകി.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന ഹൈക്കോടതി വിധിക്ക് എതിരാണെന്ന വാദവുമുയരുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമിന്റെ കാര്യത്തിൽ മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ ഹൈക്കോടതി വിധിച്ചിരുന്നു.
അനസുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനിയും പിതാവും നിലപാട് മയപ്പെടുത്തിയെന്ന് ഹൈബി ഈഡൻ അറിയിച്ചത്. അതേസമയം വിഷയത്തിന്റെ പേരില്‍ വര്‍ഗീയമായ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും എംപി പറഞ്ഞു. പരീക്ഷകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തിങ്കളാഴ്ച പറഞ്ഞത്
“സ്കൂൾ യൂണിഫോം എല്ലാവർക്കും ബാധകമാണ്, ഒരു കുട്ടി മാത്രം പ്രത്യേകവസ്ത്രം ധരിച്ചുവരുന്നത് ശരിയല്ല”
ഇന്നലെ ഫേസ്ബുക്കിൽ
“വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ അനുമതി നല്‍കണം. സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി’’