തദ്ദേശ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളായി മത്സരിക്കാൻ ജെഡി-എസ്
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ മത്സരിക്കാൻ ജനതാദൾ-എസ് കേരള ഘടകം. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ചാൽ ജെഡിഎസ് കേരള ഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കാനാണ് ആലോചന. ഇതോടെ ജനതാദൾ- എസ് വീണ്ടും പിളരുന്ന സാഹചര്യം വരും.
പാലക്കാട് കേന്ദ്രമാക്കിയുള്ള ജെഡി-എസ് നേതാക്കളാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരണത്തിനുള്ള ശ്രമം നടത്തിയത്.
ജനതാദൾ-എസ് ദേശീയതലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായതിനെ തുടർന്നാണ് സംസ്ഥാന ഘടകം പുതിയ പാർട്ടി രൂപവത്കരണം ആലോചിച്ചത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എംഎൽഎയും നേതൃത്വം നൽകുന്ന ജെഡിഎസ് സംസ്ഥാന ഘടകം നിലവിൽ ഇടതു മുന്നണിക്കൊപ്പമാണ്.
ദേശീയതലത്തിൽ ബിജെപിയുടെ ഭാഗമായി നിൽക്കുകയും കേരളത്തിൽ ഇടതു മുന്നണി ഘടകകക്ഷിയായി തുടരുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് അണികളെ ഏറെ ധർമസങ്കടത്തിലാക്കുന്നത്. കറ്റയേന്തിയ കർഷക സ്ത്രീയാണ് നിലവിലെ ജെഡി-എസിനു തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ച ചിഹ്നം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും പാർട്ടിയുടെ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പുതിയ പാർട്ടിയുടെ ഭാഗമാകും.