ഡിസിഎൽ ബാലരംഗം
Thursday, October 16, 2025 1:53 AM IST
കൊച്ചേട്ടന്റെ കത്ത്
നിന്നോട് നീ പറയൂ; നീ അത്ഭുതം ചെയ്യും!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഒരു ഗ്രാമത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. 10 വയസുകാരനായ അമലും, ആറു വയസുകാരൻ ആകാശും. രണ്ടുപേരും ഒരുമിച്ചേ നടക്കൂ, കളിയും ചിരിയും ഊണും ഉറക്കവുമെല്ലാം ഒരുമിച്ച്! വീട്ടുകാർക്കും നാട്ടുകാർക്കും അവർ പൊന്നോമനകൾ! അമൽ മൂത്തവനും ധൈര്യശാലിയുമായിരുന്നു. ആകാശാകട്ടെ, എപ്പോഴും അമലിന്റെ നിഴലായി മാത്രം നിൽക്കുന്ന ഒതുങ്ങിയ പ്രകൃതക്കാരനുമായിരുന്നു.
ഗ്രാമത്തിലെ മൈതാനങ്ങളിൽ തുന്പികൾക്കു പിന്നാലെ ഓടിയും കുരുവിക്കൂടുകളിലെ കുഞ്ഞുമുട്ടകൾക്കു കൂട്ടിരുന്നും കുയിലിനെ തോല്പിക്കാൻ മറുകൂവൽ കൊടുത്തും പൂമൊട്ടുകളെ തലോടിയും പൂക്കളുടെ വർണ്ണവിസ്മയങ്ങളിൽ കണ്ണുമിഴിച്ചും മരങ്ങളോട് പ്രായം ചോദിച്ചും ആടിപ്പാടി പൊട്ടിച്ചിരിച്ച് അവർ ജീവിച്ചു.
ഒരു ദിവസം വാ കീറുവോളം പൊട്ടിച്ചിരിച്ചിട്ട് എന്തോ തമാശ പറഞ്ഞു രസിച്ചു നടക്കവേ, സൈഡ് ഭിത്തിയില്ലാത്ത ഒരു കിണറ്റിലേക്ക് അമൽ കാലുവഴുതി വീണു! ആകാശ് തലമരച്ച് അലറിക്കരഞ്ഞു. അമൽ കിണറ്റിനുള്ളിൽനിന്നും വിളിച്ചുപറഞ്ഞു: ആകാശ്, എനിക്ക് നീന്താനറിയില്ല! നീ കരക്കിരിക്കുന്ന ആ തൊട്ടി താഴെക്കിട്ടുതാ... അല്ലെങ്കിൽ ഞാനിപ്പോൾ മുങ്ങിച്ചാകും! വേഗം കരച്ചിലടക്കി, വിറയ്ക്കുന്ന കൈകളോടെ, പാവം ആകാശ് തൊട്ടി താഴേക്കിട്ടുകൊടുത്തു. അമൽ ആ തൊട്ടിയിൽ കയറി, കയറിൽപിടിച്ചുനിന്നു. തൊട്ടിയോടെ അമൽ വെള്ളത്തിൽ താഴ്ന്നു.
അഞ്ചു വയസുകാരൻ ആകാശ്! അവൻ മറ്റൊന്നും ആലോചിച്ചില്ല. വെള്ളത്തിനു തിന്നാൻ ഞാൻ ഏട്ടനെ വിട്ടുകൊടുക്കില്ല! തൊട്ടിയുടെ കയറും വലിച്ചുകൊണ്ട്, അവൻ ദൂരേക്കു നടന്നു! എന്നാൽ, അവന്റെ ഇരട്ടിഭാരമുള്ള അമലിനെ എങ്ങനെ അവൻ വലിച്ചുകയറ്റും? പലതവണ അവൻ മടുത്ത്, കിതച്ച് മുട്ടിൽ വീണു; എന്നാലും പിടിവിട്ടില്ല. അലറിക്കരഞ്ഞുകൊണ്ട്, അവൻ സർവശക്തിയുമുപയോഗിച്ച് അലനെ വലിച്ചുകയറ്റി.
ആകാശിന്റെ വലിയ നിലവിളികേട്ട് ദൂരെനിന്ന ജനങ്ങൾ ഓടിയെത്തി. ചെളിയിൽ പുതഞ്ഞു നനഞ്ഞു തളർന്നുകിടന്ന് കിതയ്ക്കുന്ന അമലിനെയും ആകാശിനെയും അവർ ആശ്ലേഷിച്ചു.
ജനം അതിശയത്തോടെ ചോദിച്ചു: ഈ ആറു വയസുകാരൻ ആകാശ് എങ്ങനെ, അവന്റെ ഇരട്ടി പ്രായവും ഭാരവുമുള്ള അമലിനെ ഈ കിണറ്റിൽനിന്ന് വലിച്ചുകയറ്റി. കൂട്ടത്തിൽ മുതിർന്ന, ഒരു റിട്ടയേർഡ് അധ്യാപകൻ പറഞ്ഞു: "" നിങ്ങളെല്ലാം ചോദിക്കുന്നു, ആകാശ് എങ്ങനെ ഇതു ചെയ്തു എന്ന്. എന്നാൽ, ചോദിക്കൂ, എന്തുകൊണ്ട്, ഇവനിതു ചെയ്തു! ഒരേയൊരു കാരണമേയുള്ളൂ, അവന്റെ അരികിൽനിന്ന്, ""നീ ചെറുതാണ്, വെറും കുട്ടിയാണ്, നിനക്കൊന്നിനും കഴിയില്ല'' എന്നു പറയാൻ ആരുമുണ്ടായിരുന്നില്ല. അത്രതന്നെ! അപ്പോഴും കയറിന്റെ പിടിവിടാതെനിന്ന ആകാശ്, ചിരിച്ചു! അമൽ ആനന്ദക്കണ്ണീർ പൊഴിച്ചു.
പ്രിയ കൂട്ടുകാരേ, നമ്മുടെ ശക്തി, മറ്റുള്ളവർ തരുന്നതല്ല. അത്, "എനിക്കിതു കഴിയും, ഇപ്പോൾ ഇതു ചെയ്യേണ്ടത് ഞാനാണ്' എന്നുള്ള ആത്മബോധത്തിൽനിന്നും, കല്ലുപോലുള്ള ഉറച്ച ആത്മവിശ്വാസത്തിൽനിന്നും വരുന്നതാണ്. സ്വയം വിശ്വസിക്കാനാവാത്ത കാര്യങ്ങൾ പോലും ചിലപ്പോൾ നമ്മൾ ചെയ്യും. നമുക്കങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞതെങ്ങനെ എന്ന് നമ്മൾക്കുപോലും മനസിലാവില്ല. നമ്മൾ എത്ര ചെറുതാണെങ്കിലും, കഴിവില്ല എന്നു തോന്നുന്നുണ്ടെങ്കിലും നമ്മിലൂടെ നിർവഹിക്കപ്പെടാൻ ദൈവം കരുതിവച്ചിരിക്കുന്ന കാര്യങ്ങൾ നമ്മൾക്കു ചെയ്യാൻ ദൈവം കഴിവുതരും. ദൈവത്തിൽ, ആകാശംപോലെ ഉയർന്ന വിശ്വാസമുണ്ടെങ്കിൽ എത്ര, ചെറിയ കൈകൾകൊണ്ടും ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യിപ്പിക്കും. ""എനിക്കിതു കഴിയും എന്നു വിശ്വസിക്കൂ, നീ പകുതി വിജയിച്ചു'' എന്നാണ് തെയോഡോർ റൂസ് വെൽറ്റ് പറയുന്നത്.
"" അസാധ്യം എന്നത് ഒരു സത്യമല്ല, അഭിപ്രായം മാത്രം'' എന്ന് പാവ് ലോ കൊയ് ലോയും ""അസാധ്യം എന്നത് പലപ്പോഴും നാം ഒരിക്കലും പരിശ്രമിക്കാത്ത കാര്യങ്ങളാണ് '' എന്ന് ജിം ഗുഡ്വിനും പറയുന്നു. എനിക്കിത് സാധിക്കും എന്ന് ഞാൻ എന്നോടു പറയുകയും ദൈവം എന്നെ ശക്തിപ്പെടുത്തുന്നുണ്ട് എന്നു വിശ്വസിക്കുകയും ചെയ്താൽ എന്നിൽ അത്ഭുതം നടക്കും. നമുക്കു വിശ്വസിക്കാം, പ്രാർത്ഥിക്കാം, പരിശ്രമിക്കാം, വിജയിക്കാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാനതല ബാഡ്മിന്റൺ മത്സരം25ന്
ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ സംസ്ഥാനതല മത്സരം ഒക്ടോബർ 25-നു നടക്കും. തൊടുപുഴ ബാഡ്മിന്റൺ ഫോർ കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും.
എല്ലാ ഡിസിഎൽ പ്രവിശ്യകളിൽനിന്നും ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടി കളുടെ വിഭാഗത്തിലുംപെട്ട ഓരോ ഡബിൾസ് ടീമുകളാണ് പങ്കെടുക്കുന്നത്.
സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. വിശദ വിവരങ്ങൾക്ക് 9446294666 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം പ്രവിശ്യാ തെരഞ്ഞെടുപ്പ് 25ന് കാഞ്ഞിരപ്പള്ളിയിൽ
ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഒക്ടോബർ 25-ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 10-ന് സമ്മേളനം ആരംഭിക്കും.
കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, ചങ്ങനാശേരി, പാല, അരുവിത്തുറ, കോട്ടയം മേഖലകളിൽനിന്നും കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് പ്രവിശ്യാ ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
പ്രസംഗം, നേതൃത്വപരിശീലനം എന്നീ ക്ലാസുകൾക്കു ശേഷമായിരിക്കും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, കൗൺസിലർമാർ എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽറോസ് എസ്എബിഎസ് ഉദ്ഘാടനം ചെയ്യും.
തൊടുപുഴ പ്രവിശ്യാ ബാഡ്മിന്റൺ മത്സരം 18ന്
തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിന്റൺ ഫോർ കോർട്ടിൽ നടക്കും.
പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം .
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും . ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ ടീമുകൾ 18 ന് രാവിലെ 9 ന് മുമ്പായി എത്തണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ കല്ലറങ്ങാട്ട് അറിയിച്ചു. ഫോൺ 9497279347 : കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക. 9446294666.
ചങ്ങനാശേരി മേഖല ടാലന്റ് ഫെെസ്റ്റ് നവം. 6, 15 തീയതികളിൽ
ഡിസിഎൽ ചങ്ങനാശേരി മേഖല ടാലന്റ് ഫെസ്റ്റ് നവംബർ ആറ്, 15 തീയതികളിൽ നടക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
രചനാ മത്സരങ്ങൾ ആറാം തീയതി രാവിലെ 10.30 ന് എസ്ബി ഹൈസ്കൂളിൽ നടക്കും. മറ്റു മത്സരങ്ങൾ 15-ന് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ് മീഡിയ വില്ലേജിൽ വച്ച് രാവിലെ 9.30 നും നടത്തും.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
രചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഈ മാസം 28-ന് മുമ്പും മറ്റു മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് നവംബർ അഞ്ചാംതീയതിക്ക് മുമ്പും നൽകണമെന്ന് മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം (ഫോൺ: 9388851627) അറിയിച്ചു.