അയ്യപ്പസംഗമം: ചെലവിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനു ചെലവായി എന്നു പറയുന്ന എട്ടു കോടി രൂപ കമ്മീഷൻകൂടി ചേർത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങൾ അടിയന്തരമായി പുറത്തുവിടണമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടു കോടി രൂപ ചെലവായതിന്റെ ലോജിക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിടണം. ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചെലവായത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്‍സർമാരിൽനിന്നും കണ്ടെത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതുവരെ സ്പോണ്സർമാരിൽ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സർമാരാണ് പണം നൽകിയതെന്നും വ്യക്തമാക്കണം.
ഇതുവരെ നാലു കോടിയോളം രൂപ പദ്ധതി നടത്തിപ്പിന്റെ ബിൽ ഇനത്തിൽ മാറിയതായി മനസിലാക്കാൻ കഴിഞ്ഞു.
ഇതെല്ലാം പോയിരിക്കുന്നതു ദേവസ്വം ബോർഡിന്റെ വർക്കിംഗ് ഫണ്ടിൽനിന്നാണ്. സ്പോണ്‍സർമാർ തുക നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡിന്റെ ഫണ്ടിൽനിന്നു തുക ചെലവാക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.