മിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Wednesday, October 15, 2025 2:25 AM IST
ശ്രീകണ്ഠപുരം (കണ്ണൂർ): ചെങ്ങളായി കാക്കണ്ണൻപാറയിൽ ഇടിമിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരം. ആസാം ഉദൽഗുഡി സ്വദേശി ജോസ് (ജാസ് നർസാരി -42), ഒഡീഷ റായഗഡ സ്വദേശി രാജേഷ് (26) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി ഗൗതം റായിയെ (46) പരിയാരത്തെ കണ്ണൂർ ഗവ. മെഡി ക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ചെങ്ങളായി പഞ്ചായത്തിലെ കലാഗ്രാമത്തിനു സമീപം കക്കണംപാറയിൽ ചെങ്കൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്കു മിന്നലേറ്റത്. ഷെഡിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് ജാസും രാജേഷും ഗൗതമും ചെങ്കൽ ക്വാറിയിൽ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
ഗൗതം പണയിലെത്തിയപ്പോഴാണ് മറ്റു രണ്ടു പേർക്ക് മിന്നലേറ്റത്. ജാസിനെയും രാജേഷിനെയും ക്വാറിയിലുണ്ടായിരുന്നവർ ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രീകണ്ഠപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.